വെറും നാല് മില്യണ് ഹാലൻഡിനെ നൽകാമെന്ന് പറഞ്ഞു, മാഞ്ചസ്റ്റർ യുണൈറ്റഡ് വേണ്ടെന്നു വെച്ചു | Erling Haaland

പ്രീമിയർ ലീഗിലേക്ക് ചേക്കേറിയതിനു ശേഷം റെക്കോർഡുകൾ ഓരോന്നായി തകർത്തു കൊണ്ടിരിക്കുകയാണ് നോർവീജിയൻ സ്‌ട്രൈക്കറായ എർലിങ് ബ്രൂട്ട് ഹാലാൻഡ്. മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കുന്ന താരം പ്രീമിയർ ലീഗിലെ സർവകാല ഗോൾവേട്ടയുടെ റെക്കോർഡ് ഇനിയും മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ തകർത്തു കഴിഞ്ഞിട്ടുണ്ട്. സീസണിൽ പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗുമുൾപ്പെടെ മൂന്നു കിരീടങ്ങളും താരം ലക്ഷ്യമിടുന്നു.

മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കുന്ന എർലിങ് ഹാലാൻഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തേണ്ട താരമായിരുന്നുവെന്നാണ് ക്ലബിന്റെ മുൻ പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷെയർ പറയുന്നത്. എർലിങ് ഹാലൻഡിനെ ചെറുപ്പത്തിൽ പരിശീലിപ്പിച്ചിട്ടുള്ള മാനേജറാണ് സോൾഷെയർ. അന്നു തന്നെ താരത്തിന്റെ പ്രതിഭയെ മനസിലാക്കിയ സോൾഷെയർ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് താരത്തെ സ്വന്തമാക്കാൻ പറഞ്ഞെങ്കിലും അവരത് നിഷേധിക്കുകയായിരുന്നു.

“ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരുന്നതിന്റെ ആറു മാസം മുൻപ് ക്ലബിനോട് ഇങ്ങിനെയൊരു സ്‌ട്രൈക്കർ എന്റെ കീഴിലുണ്ടെന്നും സ്വന്തമാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അവരത് നിഷേധിച്ചു. ഞാൻ നാല് മില്യൺ പൗണ്ടാണ് ഹാലാൻഡിനു വേണ്ടി ആവശ്യപ്പെട്ടത്, എന്നാൽ അവർ എന്റെ വാക്കുകൾ കേൾക്കാൻ തയ്യാറായില്ല.” മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ കൂടിയായ സോൾഷെയർ പറഞ്ഞത് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു.

സോൾഷെയർക്ക് കീഴിൽ നോർവീജിയൻ ക്ലബായ മോൾഡേയിലാണ് ഹാലാൻഡ് കളിച്ചിരുന്നത്. അതിനു ശേഷം റെഡ്ബുൾ സാൽസ്ബർഗിലേക്ക് ചേക്കേറിയ താരം യൂറോപ്പിൽ ശ്രദ്ധാകേന്ദ്രമായി മാറി. തുടർന്ന് ബൊറൂസിയ ഡോർട്ട്മുണ്ടിനൊപ്പം ലോകോത്തര സ്‌ട്രൈക്കർ എന്ന പേരു നേടിയെടുത്ത താരം ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിൽ റെക്കോർഡുകൾ തൂത്തു വാരുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നഷ്‌ടം തന്നെയാണ് ഹാലാൻഡ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Solskjaer Reveals He Told Man Utd To Sign Erling Haaland in 2018