അർജന്റീനയുടെ ലോകകപ്പ് ഹീറോ എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലേക്ക് | Emiliano Martinez

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച് ആരാധകരുടെ ഹീറോയായി മാറിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിൻസ് ഇന്ത്യൻ നഗരമായ കൊൽക്കത്തയിലേക്ക് വരുന്നു. ഇന്ത്യയിലേക്ക് ഫുട്ബോൾ ഇതിഹാസങ്ങളായ പെലെ, മറഡോണ എന്നിവരെ എത്തിച്ച സത്രദു ദത്തയാണ് എമിലിയാനോ മാർട്ടിനസിന്റെ സന്ദർശനത്തിനു പിന്നിലും പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ലണ്ടനിൽ വെച്ച് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി.

“ജൂൺ 20-21 അല്ലെങ്കിൽ ജൂലൈ 1-3 എന്നീ തീയതികളിലാവും എമിലിയാനോ മാർട്ടിനസിന്റെ ഇന്ത്യ സന്ദർശനം ഉണ്ടാവുക. എല്ലാ കരാറുകളും അംഗീകരിച്ച് ഒപ്പിട്ടു കഴിഞ്ഞിട്ടുണ്ട്, ഒന്നോ രണ്ടോ ദിവസത്തിന്റെ ഉള്ളിൽ കൃത്യമായ തീയതി ഞങ്ങൾ തീരുമാനിക്കും. അടുത്ത ദിവസം ഞങ്ങളൊരു ചെറിയ ഫോട്ടോഷൂട്ടും നടത്തും. താരത്തിന്റെ സന്ദർശനത്തിൽ വളരെ സന്തോഷമുണ്ട്. അർജന്റീന ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ സന്ദർശനം കൊൽക്കത്തയ്ക്കും മികച്ച അനുഭവമാകും.” അദ്ദേഹം പറഞ്ഞു.

ഖത്തർ ലോകകപ്പ് ഉൾപ്പെടെ അർജന്റീന കഴിഞ്ഞ രണ്ടു വർഷത്തിൽ സ്വന്തമാക്കിയ മൂന്നു കിരീടങ്ങളിലും നിർണായക പങ്കു വഹിച്ച താരമാണ് എമിലിയാനോ മാർട്ടിനസ്. ലോകകപ്പിൽ ഹോളണ്ടിനെതിരെ നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടു കിക്കുകൾ തടഞ്ഞിട്ട താരം അർജന്റീനയെ വിജയിപ്പിച്ചു. പിന്നീട് ഫൈനലിലും എമിലിയാനോ മാർട്ടിനസിന്റെ വിശ്വരൂപം കണ്ടു. ഒരു പെനാൽറ്റി തടുക്കുകയും ഒന്ന് പുറത്തു പോകാൻ കാരണമാവുകയും ചെയ്‌ത താരമാണ് ടീമിന് കിരീടം നേടിക്കൊടുത്തത്.

കോപ്പ അമേരിക്കയിലും ലോകകപ്പിലും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം നേടിയ എമിലിയാനോ മാർട്ടിനസ് അതിനു പിന്നാലെ ഫിഫ ബെസ്റ്റ് ഗോൾകീപ്പർ അവാർഡും സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയിലാണ് എമിലിയാനോ മാർട്ടിനസ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ യൂറോപ്യൻ കിരീടത്തിനായി പോരാടാൻ ആഗ്രഹമുള്ള താരം ഈ സീസണു ശേഷ ക്ലബ് വിടുമെന്നാണ് റിപ്പോർട്ടുകൾ.

Argentina Goalkeeper Emiliano Martinez To Visit India