പത്താം നമ്പർ ജേഴ്‌സി മാറ്റിവെച്ച് ലിവർപൂൾ അർജന്റീന താരത്തെ കാത്തിരിക്കുന്നു | Liverpool

ഖത്തർ ലോകകപ്പിൽ ലഭിച്ച അവസരം കൃത്യമായി മുതലെടുത്ത് ടീമിന്റെ നട്ടെല്ലായി മാറി കിരീടം സ്വന്തമാക്കിയ നിരവധി താരങ്ങളുണ്ട്. ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റർ എന്നിവരാണ് ഈ താരങ്ങൾ. ടീമിന്റെ ആദ്യ ഇലവനിൽ ഇടമില്ലാതിരുന്ന ഈ താരങ്ങൾ പിന്നീട് അവസരം ലഭിച്ചപ്പോൾ മികച്ച പ്രകടനം പുറത്തെടുത്താണ് സ്ഥിരസാന്നിധ്യമായി മാറിയത്. കിരീടനേട്ടത്തോടെ തങ്ങളിൽ അർപ്പിച്ച പ്രതീക്ഷ കാത്തു സൂക്ഷിക്കാൻ ഇവർക്ക് കഴിയുകയും ചെയ്‌തു.

എൻസോ ഫെർണാണ്ടസ് ജനുവരി ജാലകത്തിൽ റെക്കോർഡ് ട്രാൻസ്‌ഫറിൽ ചെൽസിയിലേക്ക് ചേക്കേറിയപ്പോൾ ജനുവരിയിൽ തനിക്കായി വന്ന ഓഫറുകൾ പൂർണമായും നിഷേധിക്കുകയാണ് അലക്‌സിസ് മാക് അലിസ്റ്റർ ചെയ്‌തത്‌. നിലവിൽ ബ്രൈറ്റൻ താരമായ അലിസ്റ്റർ സീസണിന്റെ അവസാനം വരെ ക്ലബിനൊപ്പം തന്നെ തുടർന്ന് അതിനു ശേഷം ഓഫറുകൾ പരിഗണിക്കാമെന്ന നിലപാടിലായിരുന്നു. ഇപ്പോൾ താരം ട്രാൻസ്‌ഫറിനോട് അടുത്തു കൊണ്ടിരിക്കുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെയുള്ള ക്ലബായ ലിവർപൂളാണ് ബ്രൈറ്റൻ താരത്തിനായി മുന്നിൽ നിൽക്കുന്നത്. താരത്തെ വിട്ടുകൊടുക്കാൻ ബ്രൈറ്റൻ സമ്മതം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. എഴുപതു മില്യൺ യൂറോ അലിസ്റ്റാർക്കായി നൽകണമെന്നാണ് ബ്രൈറ്റണിന്റെ ആവശ്യം. ഇതിനു ലിവർപൂളിന് സമ്മതമാണ്. ബ്രൈറ്റണിൽ പത്താം നമ്പർ ജേഴ്‌സി അണിയുന്ന താരത്തിനായി ലിവർപൂൾ തങ്ങളുടെ പത്താം നമ്പർ ജേഴ്‌സി മാറ്റി വെച്ചിട്ടുണ്ടെന്ന് ഒലെ റിപ്പോർട്ട് ചെയ്യുന്നു.

ഈ സീസണു ശേഷം മധ്യനിരയിൽ നിന്നും ചേംബർലൈൻ, നബി കെയ്റ്റ, ജെയിംസ് മിൽനർ എന്നീ താരങ്ങൾ ലിവർപൂൾ വിടാനൊരുങ്ങുകയാണ്. അവർക്ക് പകരക്കാരെ എത്തിക്കേണ്ടത് ക്ലബ്ബിനെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണ്. മധ്യനിരയിൽ കളിച്ച് പത്ത് ഗോളുകൾ ഈ സീസണിൽ നേടിയ അലിസ്റ്റർ അവർക്ക് വലിയൊരു മുതൽക്കൂട്ടാകും. ഇരുപത്തിനാലാം വയസിൽ തന്നെ പക്വമായ പ്രകടനം നടത്തുന്ന താരത്തെ ക്ളോപ്പിനു കൂടുതൽ മെച്ചപ്പെടുത്താനും കഴിയും.

Liverpool Hold Their Number 10 Jersey For Mac Allister