അർജന്റീനക്ക് സംഭവിച്ചത് വലിയ നഷ്‌ടം, പരിക്കു മാറിയെത്തിയ ആദ്യ മത്സത്തിൽ തന്നെ ഗോൾ നേടി ഗർനാച്ചോ | Alejandro Garnacho

അർജന്റീന സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കാനുള്ള അവസരം ലഭിച്ചെങ്കിലും അതിനു തൊട്ടുമുൻപേ പരിക്കേറ്റു പുറത്തായത് അർജന്റീന താരമായ അലസാൻഡ്രോ ഗർനാച്ചോക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. ലോകകപ്പിന് ശേഷം അർജന്റീന കളിച്ച സൗഹൃദമത്സരങ്ങൾക്കുള്ള ടീമിൽ താരം ഉണ്ടായിരുന്നെങ്കിലും പരിക്ക് കാരണം അരങ്ങേറ്റം നടത്താൻ കഴിഞ്ഞില്ല. ആ പരിക്കിനു ശേഷം കഴിഞ്ഞ ദിവസമാണ് താരം ആദ്യത്തെ മത്സരം കളിക്കുന്നത്.

രണ്ടു മാസത്തോളം പരിക്കിന്റെ പിടിയിലായതിനു ശേഷം തിരിച്ചെത്തിയ ആദ്യത്തെ മത്സരത്തിൽ തന്നെ ഗോൾ നേടിയാണ് അർജന്റീന താരം ആഘോഷിച്ചത്. കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വോൾവ്‌സിനെതിരെയാണ് താരം ഇറങ്ങിയത്. എൺപത്തിനാലാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ താരം ഇഞ്ചുറി ടൈമിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയത്. ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ മികച്ചൊരു ഫിനിഷിങ് ഗർനാച്ചോ നടത്തി.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ മികച്ച പ്രകടനം അർജന്റീന ആരാധകരെ സംബന്ധിച്ച് ചെറിയൊരു നിരാശ നൽകുന്നതാണ്. ഉടനെ നടക്കാനിരിക്കുന്ന അണ്ടർ 20 ലോകകപ്പിനുള്ള അർജന്റീന സ്‌ക്വാഡിൽ ഗർനാച്ചോ ഇടം നേടിയിരുന്നെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിട്ടുകൊടുക്കാൻ തയ്യാറായില്ല. അർജന്റീനയിൽ വെച്ചാണ് അണ്ടർ 20 ലോകകപ്പ് നടക്കുന്നത്. ഗർനാച്ചോയുടെ സാന്നിധ്യമുണ്ടെങ്കിൽ അർജന്റീന ലോകകപ്പ് വിജയിക്കാനുള്ള സാധ്യത കൂടുതലാകുമായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മുപ്പത്തിരണ്ടാം മിനുട്ടിൽ ബ്രസീലിയൻ താരം ആന്റണിയുടെ അസിസ്റ്റിൽ ആന്റണി മാർഷ്യൽ ഗോൾ നേടിയതിനു ശേഷമാണ് ഇഞ്ചുറി ടൈമിൽ ഗർനാച്ചോയുടെ ഗോൾ പിറന്നത്. ഇതോടെ പ്രീമിയർ ലീഗിൽ ടോപ് ഫോറിനുള്ള ഭീഷണി കുറക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിട്ടുണ്ട്.

Alejandro Garnacho Scored Goal For Man Utd On His Return