മെസിക്കെതിരെ കൂക്കിവിളി, അർജന്റീന ജേഴ്‌സി ഉയർത്തിക്കാട്ടി പിഎസ്‌ജി ആരാധകന്റെ മറുപടി | Lionel Messi

ക്ലബിന്റെ അനുമതിയില്ലാതെ സൗദി സന്ദർശനം നടത്തിയതിന്റെ പേരിൽ ലയണൽ മെസിക്കെതിരെ പിഎസ്‌ജി നടപടി എടുത്തെങ്കിലും പിന്നാലെ തന്നെ അവരത് പിൻവലിക്കുകയും ചെയ്‌തു. രണ്ടാഴ്‌ചത്തെ സസ്പെൻഷനാണ് പിഎസ്‌ജി ലയണൽ മെസിക്ക് നൽകിയതെങ്കിലും ഒരാഴ്‌ച പോലും താരത്തിനെ വിലക്ക് ബാധിച്ചില്ല. വളരെ പ്രൊഫെഷനലായ രീതിയിൽ മെസി ക്ഷമാപണം നടത്തിയതോടെയാണ് സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം പിഎസ്‌ജി പിൻവലിച്ചത്.

എന്നാൽ മെസിയുടെ ക്ഷമാപണത്തിലും ചിലർക്ക് രോഷം അവസാനിച്ചിട്ടില്ല. ലയണൽ മെസിയെ ലക്ഷ്യമിട്ട് ആക്രമിക്കുന്ന പിഎസ്‌ജി ആരാധകർക്ക് ഇപ്പോഴും താരത്തോടുള്ള രോഷം മാറിയിട്ടില്ലെന്നാണ് ഇന്നലത്തെ മത്സരത്തിലുണ്ടായ സംഭവം വ്യക്തമാക്കുന്നത്. ഇന്നലെ മത്സരം തുടങ്ങുമ്പോൾ സ്റ്റേഡിയം അന്നൗൺസർ ആദ്യ ഇലവനിൽ ഉണ്ടായിരുന്ന മെസിയുടെ പേരു പറഞ്ഞപ്പോൾ കൂക്കിവിളിച്ചാണ് ഒരു വിഭാഗം പിഎസ്‌ജി ആരാധകർ അതിനെ സ്വീകരിച്ചത്.

എല്ലാ പിഎസ്‌ജി ആരാധകർക്കും ലയണൽ മെസിയോട് രോഷമില്ലെന്നും ഇന്നലത്തെ മത്സരത്തിനിടെയുണ്ടായ സംഭവം വ്യക്തമാക്കുന്നു. മത്സരത്തിനിടയിൽ ലയണൽ മെസിക്കെതിരെ പ്രതിഷേധം ഉണ്ടായപ്പോൾ ലയണൽ മെസിയുടെ അർജന്റീന ജേഴ്‌സി ഉയർത്തിക്കാട്ടി പിഎസ്‌ജി ആരാധകൻ അതിനോട് പ്രതികരിച്ചിരുന്നു. ആരാണ് ലോകകപ്പ് കിരീടം സ്വന്തമാക്കിയതെന്ന് ചിന്തിക്കണമെന്നാണ് മെസിയെ കൂക്കിവിളിക്കുന്ന ആരാധകരോട് അയാൾ പറഞ്ഞത്.

ലയണൽ മെസിയോട് പിഎസ്‌ജി ആരാധകർക്കുള്ള രോഷം താരത്തിന്റെ കളി മോശമായതു കൊണ്ടല്ല എന്നു നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ ഫൈനലിൽ തോൽപ്പിച്ചാണ് ലയണൽ മെസിയുടെ അർജന്റീന കിരീടം സ്വന്തമാക്കിയത്. അതിലുള്ള നിരാശ കൂടിയാണ് ഫ്രഞ്ച് ആരാധകരുടെ പ്രതിഷേധത്തിലൂടെ പുറത്തേക്ക് വരുന്നത്.

Lionel Messi Booed By PSG Fans Again