ചെൽസിയിൽ അർജന്റീനിയൻ വിപ്ലവം, ലോകകപ്പ് നേടിയ മൂന്നു താരങ്ങളെ പോച്ചട്ടിനോക്ക് വേണം | Chelsea

വമ്പൻ സൈനിംഗുകൾ നിരവധി നടത്തിയിട്ടും പരിശീലകരെ മാറ്റിമാറ്റി നിയമിച്ചിട്ടും ഈ സീസണിൽ മോശം പ്രകടനമാണ് ചെൽസിയുടെ ഭാഗത്തു നിന്നുമുണ്ടായത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ ടോപ് ടെന്നിലെത്താൻ പോലും സാധ്യതയില്ലാത്ത ചെൽസി അടുത്ത സീസണിൽ തിരിച്ചുവരവിനായി പുതിയ പരിശീലകനെ നിയമിച്ചിട്ടുണ്ട്. മുൻ ടോട്ടനം പരിശീലകൻ മൗറീസിയോ പോച്ചട്ടിനോയെയാണ് ചെൽസി പരിശീലകനായി നിയമിച്ചത്. ഇക്കാര്യം അവർ ഇന്നലെ സ്ഥിരീകരിച്ചു.

അർജന്റൈൻ പരിശീലകനായ മൗറീസിയോ പോച്ചട്ടിനോ എത്തിയതോടെ ടീമിൽ വലിയ മാറ്റങ്ങൾ സമ്മറിൽ ഉണ്ടാകുമെന്നുറപ്പായിട്ടുണ്ട്. നിലവിൽ ടീമിലുള്ള പല താരങ്ങളെയും ഒഴിവാക്കുകയെന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമാണ്. തനിക്ക് വേണ്ട താരങ്ങളെ നിലനിർത്തി സ്‌ക്വാഡിന്റെ വലിപ്പം കുറച്ച് അവരെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കുകയെന്ന ഉത്തരവാദിത്വമുള്ള പോച്ചട്ടിനോ അതിനായി മൂന്ന് അർജന്റീന താരങ്ങളെയും നോട്ടമിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടാൻ പ്രധാന പങ്കു വഹിച്ച താരങ്ങളായ എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മാക് അലിസ്റ്റർ, ലൗടാരോ മാർട്ടിനസ് എന്നിവരെയാണ് പോച്ചട്ടിനോ ലക്‌ഷ്യം വെക്കുന്നത്. ഇതിൽ എമിലിയാനോയും മാക് അലിസ്റ്ററും ടീമിലെ പ്രധാന താരങ്ങളായിരുന്നു. ലൗറ്റാരോ മാർട്ടിനസ് ലോകകപ്പിൽ നിറം മങ്ങിയെങ്കിലും അതിനു ശേഷം ക്ലബ് തലത്തിൽ മിന്നുന്ന ഫോമിലാണ് കളിക്കുന്നത്.

നിലവിൽ തന്നെ അർജന്റീന താരമായ എൻസോ ഫെർണാണ്ടസ് ചെൽസിയിൽ കളിക്കുന്നുണ്ട്. ഇവരെ സ്വന്തമാക്കാനുള്ള പണം ചെൽസിയുടെ കൈകളിൽ ഉണ്ടാകുമെങ്കിലും ടീമിന് ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലാത്തത് തിരിച്ചടിയാണ്. എമിലിയാനോ, ലൗടാരോ എന്നീ താരങ്ങൾ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബ്ബിലേക്ക് ചേക്കേറാനാണ് ആഗ്രഹിക്കുന്നത്. അതേസമയം മാക് അലിസ്റ്ററെ ലിവർപൂൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.

Mauricio Pochettino Want 3 Argentina Players At Chelsea