ബാഴ്‌സലോണക്ക് അടുത്ത പ്രഹരം, ടീമിലെ സൂപ്പർതാരത്തിന് ക്ലബ് വിടണം

വലിയ പ്രതീക്ഷകളോടെ സീസൺ ആരംഭിച്ച ബാഴ്‌സലോണയിപ്പോൾ വലിയ നിരാശയിലൂടെ കടന്നു പോകുന്ന സമയമാണിപ്പോൾ. സീസൺ മികച്ച രീതിയിൽ തുടങ്ങിയ ക്ലബിപ്പോൾ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ നിന്നും പുറത്തായി യൂറോപ്പ ലീഗിൽ കളിക്കേണ്ട സാഹചര്യത്തിലാണ്. ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം തുടർച്ചയായ രണ്ടാമത്തെ സീസണിലാണ് ബാഴ്‌സലോണ യൂറോപ്പ ലീഗിൽ കളിക്കേണ്ടി വരുന്നത്.

ബാഴ്‌സലോണയുടെ തിരിച്ചടികൾ ഒന്നുകൂടി വർധിപ്പിച്ച് ഇപ്പോൾ ടീമിലെ ഒരു സൂപ്പർതാരം ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പതിനാറാം വയസിൽ തന്നെ ബാഴ്‌സലോണക്കായി അരങ്ങേറ്റം കുറിച്ച് ലയണൽ മെസിയുടെ പത്താം നമ്പർ ജേഴ്‌സിക്കുടമയായി മാറിയ അൻസു ഫാറ്റിക്കാണ് ടീം വിടേണ്ടത്. സ്പോർട്ടിന്റെ ജേർണലിസ്റ്റായ ആൽഫ്രഡോ മാർട്ടിനസിന്റെ റിപ്പോർട്ടുകൾ പ്രകാരം അവസരങ്ങൾ കുറഞ്ഞതാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്ന പ്രധാന കാര്യം.

പരിക്കു മൂലം ദീർഘകാലമായി കളത്തിനു പുറത്തായിരുന്നെങ്കിലും നിലവിൽ ഫാറ്റി തന്റെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. എന്നാൽ സീസൺ ആരംഭിച്ചതിനു ശേഷമിതു വരെ പതിനാറു മത്സരങ്ങളിൽ മാത്രം കളിച്ച താരം അതിൽ മൂന്നെണ്ണത്തിൽ മാത്രമേ ആദ്യ ഇലവനിൽ ഇറങ്ങിയിട്ടുള്ളൂ. ഇത് ലോകകപ്പ് ടീമിൽ താരത്തിന് ഇടം ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്കകൾ സൃഷ്‌ടിച്ചിട്ടുണ്ട്. അവസരങ്ങൾ ഇനിയും കുറഞ്ഞാൽ അടുത്ത സമ്മറിൽ ക്ലബ് വിടണമെന്നാണ് ഏജന്റായ ജോർജ് മെൻഡസിനെ ഫാറ്റി അറിയിച്ചിരിക്കുന്നത്.

അരങ്ങേറ്റം കുറിച്ച കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി വളരുമെന്ന് പ്രതീക്ഷിച്ച കളിക്കാരനാണ് ഫാറ്റി. എന്നാൽ പരിക്കുകൾ മൂലം തന്റെ മികച്ച ഫോമിലേക്ക് പൂർണമായും ഉയരാൻ താരത്തിന് കഴിഞ്ഞിട്ടില്ല. അസാധ്യമായ ട്രാൻസ്‌ഫറുകൾ നടത്താൻ കഴിയുന്ന ഏജന്റായ ജോർജ് മെന്ഡസാണ് ഫാറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നതിനാൽ തന്നെ താരത്തിന് ക്ലബ് വിടാൻ ആഗ്രഹമുണ്ടെങ്കിൽ അടുത്ത സമ്മറിൽ അതു നടക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്.