ലോകകപ്പ് അടുത്തിരിക്കെ കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഏഞ്ചൽ ഡി മരിയ

മൂന്നാഴ്‌ചക്കകം ലോകകപ്പ് ആരംഭിക്കാനിരിക്കെ പരിക്കിന്റെ പിടിയിലാണ് അർജന്റീന താരം ഏഞ്ചൽ ഡി മരിയ. ലോകകപ്പിന് മുൻപ് പരിക്കിന്റെ പിടിയിൽ നിന്നും യുവന്റസ് താരം തിരിച്ചു വരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഖത്തർ ലോകകപ്പിനുള്ള അർജന്റീന ടീമിലും താരം ഇടം പിടിക്കുമെന്നാണ് ഏവരും ഉറച്ചു വിശ്വസിക്കുന്നു. നവംബർ പതിനാലിന് അർജന്റീനയുടെ ലോകകപ്പ് ടീമിന്റെ അന്തിമലിസ്റ്റ് പ്രഖ്യാപിക്കുമ്പോഴായിരിക്കും ഇതിൽ സ്ഥിരീകരണം ഉണ്ടാവുക.

പിഎസ്‌ജിയിൽ കളിച്ചിരുന്ന ഡി മരിയ കഴിഞ്ഞ സമ്മറിലാണ് ഫ്രീ ഏജന്റായി യുവന്റസിലേക്ക് ചേക്കേറുന്നത്. ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയിരുന്ന താരത്തിന്റെ പരിക്ക് സീസണിൽ യുവന്റസിന് മോശം ഫോമിന് കാരണമാവുകയും ചെയ്‌തിട്ടുണ്ട്‌. ഈ സീസൺ അവസാനിക്കുന്നതോടെ യുവന്റസുമായുള്ള കരാർ അവസാനിക്കുന്ന താരം കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ തന്റെ കരിയർ എവിടെ അവസാനിപ്പിക്കുമെന്ന ആഗ്രഹം വെളിപ്പെടുത്തുകയുണ്ടായി.

“എന്റെ കരിയർ റൊസാരിയോ സെൻട്രലിൽ അവസാനിപ്പിക്കണമെന്ന ആഗ്രഹം എനിക്കുണ്ടെന്നത് സത്യമാണ്. എന്നാൽ ക്ലബിലെ കാര്യങ്ങൾ ഇപ്പോൾ മോശമാണ്. എന്നാൽ എന്റെ ആഗ്രഹം അതുപോലെ തുടരുന്നു. ഒരു വർഷമെങ്കിലും അർജന്റീനിയൻ ഫുട്ബോൾ ആസ്വദിക്കണമെന്നും ഞാൻ ജനിച്ചു വീണ ക്ലബ്ബിനായി വീണ്ടും കളിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ട്.” ഡി മരിയ കഴിഞ്ഞ ദിവസം പറഞ്ഞു.

1992 മുതൽ 2005 വരെ റൊസാരിയോ സെൻട്രലിന്റെ അക്കാദമിയിൽ കളിച്ചിരുന്ന ഡി മരിയ അതിനു ശേഷം രണ്ടു വർഷം സീനിയർ ടീമിലും കളിച്ചിരുന്നു. അവിടെ നിന്നും പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറി. തുടർന്ന് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്‌ജി എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചതിനു ശേഷമാണ് ഏഞ്ചൽ ഡി മരിയ യുവന്റസിലെത്തുന്നത്. അർജന്റീനക്കായി മികച്ച പ്രകടനം നടത്തിയിരുന്ന താരം കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലും അതിനു ശേഷം നടന്ന ലാ ഫൈനലിസ്‌മയിലും ഗോൾ നേടിയിരുന്നു.