ലയണൽ മെസി എന്താണെന്ന് ഇപ്പോൾ ബാഴ്‌സലോണ മനസിലാക്കിക്കാണും

ലയണൽ മെസിയെ വിട്ടു കളഞ്ഞതിനു ശേഷമുള്ള രണ്ടാമത്തെ സീസണിലും യൂറോപ്പ ലീഗിൽ കളിക്കേണ്ട സാഹചര്യമാണ് ബാഴ്‌സലോണക്ക് വന്നു ചേർന്നിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ഇന്റർ മിലാൻ വിജയം നേടിയപ്പോൾ തന്നെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ ബാഴ്‌സലോണ അതിനു ശേഷം നടന്ന കളിയിൽ ബയേൺ മ്യൂണിക്കിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടങ്ങുകയും ചെയ്‌തു. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സ്റ്റേജിൽ ഒരൊറ്റ മത്സരം മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂവെന്നത് ബാഴ്‌സയുടെ മോശം ഫോമിന്റെ ആഴം വ്യക്തമാക്കുന്നു.

തുടർച്ചയായ രണ്ടാമത്തെ സീസണിലും ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയി യൂറോപ്പ ലീഗ് കളിക്കേണ്ട സാഹചര്യം വന്നിരിക്കെ ലയണൽ മെസി ആരാണെന്ന് ബാഴ്‌സലോണയെ നിരവധി ആരാധകർ ഓർമിപ്പിക്കുന്നു. 2021 സമ്മർ ജാലകത്തിലാണ് മെസിയെ ഒഴിവാക്കേണ്ട സാഹചര്യം ബാഴ്‌സക്ക് വന്നു ചേർന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം മെസിയുടെ കരാർ പുതുക്കാൻ കഴിയാതെ വന്നതാണ് താരം ക്ലബ് വിടാൻ കാരണമായത് എന്നാൽ ആ തീരുമാനം ബാഴ്‌സയ്ക്ക് ഇത്ര വലിയ തിരിച്ചടി നൽകുമെന്ന് ബാഴ്‌സലോണയെ സ്നേഹിക്കുന്ന ആരാധകർ പോലും പ്രതീക്ഷിച്ചു കാണില്ല.

മെസി പോയ കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയും മെസിയും പതറിയെങ്കിലും ഈ സീസണിൽ അർജന്റീന താരം മികച്ച പ്രകടനമാണ് നടത്തുന്നത്. ഫ്രഞ്ച് ലീഗിലും ചാമ്പ്യൻസ് ലീഗിലും പിഎസ്‌ജിയുടെ കളിയെ നിയന്ത്രിക്കുന്ന താരം തന്റെ മുപ്പത്തിയഞ്ചാം വയസിലും ലോകഫുട്ബോളിലെ ചർച്ചാവിഷയമാണ്. അതേസമയം ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ ബാഴ്‌സലോണ ചർച്ചാവിഷയമാകുന്നത് ഏവരുടെയും പരിഹാസങ്ങൾ ഏറ്റു വാങ്ങിയാണ്. ഈ ദയനീയമായ തകർച്ചക്കു പിന്നാലെ ലയണൽ മെസിയെപ്പോലൊരു താരത്തെ വിട്ടുകൊടുക്കാൻ ബാഴ്‌സ കാണിച്ച മണ്ടത്തരത്തെ ആരാധകർ നിരന്തരം ഓർമിപ്പിക്കുന്നു.

ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള സമ്മർദ്ദം ഇതോടെ വർധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അർജന്റീനിയൻ താരം ബാഴ്‌സയിലേക്ക് തിരിച്ചു വരാൻ തയ്യാറാകുമോയെന്ന കാര്യത്തിൽ സംശയമുണ്ടെങ്കിലും ആരാധകർക്ക് അതിൽ കൂടുതലൊന്നും ഇനി ആവശ്യമുണ്ടാകില്ല. ലയണൽ മെസിയെ ഏതു വിധേനെയും പിടിച്ചു നിർത്താൻ ശ്രമിക്കണമായിരുന്നുവെന്ന് ഇപ്പോൾ ബാഴ്‌സ മാനേജ്‌മെന്റും ചിന്തിക്കുന്നുണ്ടാകുമെന്നു തീർച്ചയാണ്.