ദുരന്തമായി ബാഴ്‌സലോണ യൂറോപ്പ ലീഗിലേക്ക്, ട്രോളുകളുടെ പെരുമഴ

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേൺ മ്യൂണിക്കിനെതിരെ തോൽവി വഴങ്ങിയതോടെ ഫുട്ബോൾ ലോകത്തു നിന്നും രൂക്ഷമായ കളിയാക്കലുകളാണ് ബാഴ്‌സലോണ ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്റർ മിലാൻ വിക്ടോറിയ പ്ലെസനോട് വിജയം നേടിയപ്പോൾ തന്നെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ ബാഴ്‌സലോണ അതിനു ശേഷം നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവിയേറ്റു വാങ്ങുകയും ചെയ്‌തു. ഇതോടെ തുടർച്ചയായ രണ്ടാമത്തെ സീസണിലും യൂറോപ്പ ലീഗിൽ കളിക്കേണ്ടി വന്നിരിക്കയാണ് ബാഴ്‌സലോണയ്ക്ക്.

സമ്മർ ജാലകത്തിൽ നിരവധി താരങ്ങളെ സ്വന്തമാക്കിയ ബാഴ്‌സ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ഇതേത്തുടർന്ന് ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ബാഴ്‌സയ്ക്ക് സാധ്യതയുണ്ടെന്ന അഭിപ്രായം പലരും പ്രകടിപ്പിക്കുകയുണ്ടായി. ആ ബാഴ്‌സലോണയാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒരു മത്സരം മാത്രം വിജയിച്ച് തുടർച്ചയായ രണ്ടാമത്തെ സീസണിലും യൂറോപ്പ ലീഗിലേക്ക് പോകേണ്ടി വന്നിരിക്കുന്നത്. ഇന്റർനാഷണൽ ബ്രേക്കിനു ശേഷം നിരവധി താരങ്ങൾക്ക് പരിക്കേറ്റത് ബാഴ്‌സയുടെ പ്രകടനത്തെ ബാധിച്ചെങ്കിലും അതൊന്നും ഇത്രയും നിരാശപ്പെടുത്തുന്ന പ്രകടനത്തെ ന്യായീകരിക്കാൻ കഴിയുന്ന കാര്യമല്ല.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നടത്തിയ സൈനിംഗുകളുടെ പേരിലാണ് ബാഴ്‌സലോണ പ്രധാനമായും ട്രോളുകൾ ഏറ്റുവാങ്ങുന്നത്. കൂണ്ടെ, റാഫിന്യ, ലെവൻഡോസ്‌കി എന്നിങ്ങനെ ചെൽസി നോട്ടമിട്ട താരങ്ങളെയെല്ലാം ടീമിലേക്ക് എത്തിക്കാൻ കഴിഞ്ഞ ബാഴ്‌സലോണ ചെൽസി നോട്ടമിട്ട മറ്റൊരു താരമായ ഡെംബലെയുമായി കരാർ പുതുക്കുകയും ചെയ്‌തു. ഇതിനു പുറമെ ചെൽസിയിൽ നിന്നും ക്രിസ്റ്റിൻസെൻ, അലോൺസോ എന്നിവരെ ഫ്രീ ഏജന്റായി ടീമിലെത്തിച്ച ബാഴ്‌സ ഹെക്റ്റർ ബെല്ലാരിനെയും ഫ്രീ ഏജന്റായി ടീമിലെത്തിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ ദുരന്തസമാനമായ ഒരവസ്ഥയിൽ നിന്നും ബാഴ്‌സലോണയെ കൈപിടിച്ചുയർത്തിയ സാവിയുടെ കീഴിൽ ഈ സീസണിൽ ടീം മികച്ച പ്രകടനം നടത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. ഈ താരങ്ങളെയെല്ലാം ടീമിലേക്ക് ആകർഷിച്ചതും കഴിഞ്ഞ സീസണിൽ സാവി നടപ്പിലാക്കിയ പദ്ധതികളായിരുന്നു. എന്നാൽ ബാഴ്‌സലോണയിലേക്ക് എത്തിയാൽ മറ്റു ടീമുകളേക്കാൾ കിരീടം നേടാനാണുള്ള സാധ്യതയുണ്ടെന്നു വിശ്വസിച്ച താരങ്ങൾക്കെല്ലാം ഇപ്പോൾ വലിയ നിരാശയാണ് ഏറ്റു വാങ്ങേണ്ടി വന്നിരിക്കുന്നത്. ആരാധകർ പ്രധാനമായും കളിയാക്കുന്നതും ഇതിനെത്തന്നെയാണ്. ലെവൻഡോസ്‌കി ബയേണിൽ നിന്നും ബാഴ്‌സയിലെത്തി അവരോട് തോറ്റു പുറത്താകേണ്ടി വന്നതും ആരാധകർ എടുത്തു പറയുന്നു.

സാവി ഇപ്പോഴും ടീമിൽ വളരെയധികം പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഈ നിരാശയിൽ നിന്നും ടീം ഉയർത്തെഴുന്നേറ്റു വരാൻ സമയമെടുക്കുമെന്നതിൽ സംശയമില്ല. ഈ സീസണിൽ ഇനി ബാഴ്‌സലോണക്ക് അതിനായി വേണ്ടത് ലാ ലിഗ അടക്കമുള്ള കിരീടനേട്ടങ്ങളാണ്. ടീമിന്റെ ഇപ്പോഴത്തെ മനോഭാവം വെച്ച് അതെത്രത്തോളം സാധ്യമാണെന്ന് പറയാൻ കഴിയില്ലെങ്കിലും അതു മാത്രമേ ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുകയുള്ളൂ. അതിനും കഴിഞ്ഞില്ലെങ്കിൽ പരിശീലകനെന്ന നിലയിൽ സാവിയുടെ സ്ഥാനവും തുലാസിലാകുമെന്ന കാര്യത്തിൽ സംശയമില്ല.