ഗർഭിണിയായ പങ്കാളിക്ക് നേരെ ക്രൂരമായ പീഡനം, ആന്റണി ബ്രസീൽ ടീമിൽ നിന്നും പുറത്ത് | Antony
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ താരമായ ആന്റണി തനിക്കെതിരെ ക്രൂരമായ പീഡനങ്ങൾ നടത്തിയെന്ന മുൻ കാമുകിയുടെ ആരോപണത്തെ തുടർന്ന് താരത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിൽ നിന്നും ഒഴിവാക്കി. ഗബ്രിയേല കവലിനെന്ന ഡിജെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ബ്രസീലിയൻ യുവതിയാണ് ആന്റണിക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്. താൻ ഗർഭിണിയായിരിക്കുമ്പോഴാണ് പീഡനം നടന്നതെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ വർഷം ജൂണിലാണ് ആന്റണി തന്നെ ആദ്യമായി ഉപദ്രവിച്ചതെന്നാണ് കാവലിൻ പറയുന്നത്. ഒരു നൈറ്റ് ക്ലബിൽ തന്നെ കണ്ടതിനെ തുടർന്ന് ആന്റണി കാറിലേക്ക് കയറ്റി കൊണ്ടുപോയെന്നും കാറിനുള്ളിൽ വെച്ച് മർദ്ദിക്കുകയും മറ്റും ചെയ്തുവെന്നും അവർ പറയുന്നു. വളരെ വേഗതയിൽ ഓടുന്ന കാറിൽ നിന്നും തന്നെ പുറത്തേക്ക് വലിച്ചെറിയുമെന്ന ഭീഷണി മുഴക്കിയതായും അവർ യുഓഎൽ സ്പോർട്ടിനോട് വെളിപ്പെടുത്തി. വാട്സ്ആപ്പ് മെസേജുകൾ അടക്കമുള്ള തെളിവുകളും അവർ ഹാജരാക്കിയെന്നാണ് റിപ്പോർട്ടുകൾ.
Brazilian federation official statement on Antony dropped after investigation 🇧🇷
“In order to safeguard the alleged victim, the player, the Brazilian national team and the CBF, the organization informs that Antony has been removed from the Brazilian national team”. pic.twitter.com/5SYBSgGGDq
— Fabrizio Romano (@FabrizioRomano) September 4, 2023
രണ്ടാമത്തെ ആക്രമണം ഉണ്ടായത് ഈ വർഷം ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിനു ശേഷമാണെന്ന് അവർ പറയുന്നു. അന്ന് ഹയാത്ത് റീജൻസി ഹോട്ടലിൽ വെച്ച് ആന്റണി തന്റെ നെഞ്ചിൽ ഇടിച്ചുവെന്നാണ് അവർ പറയുന്നത്. അതിനു ശേഷം മെയിൽ ഒരു ഗ്ലാസ് വെച്ച് മുറിവേൽപ്പിക്കാൻ ആന്റണി ശ്രമിച്ചുവെന്നും തന്റെ കയ്യിൽ ആഴത്തിലുള്ള മുറിവ് പറ്റിയെന്നും അവർ പറയുന്നു.
ആരോപണം ഉണ്ടായതിനു പിന്നാലെ ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ താരത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും ഒഴിവാക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ അതിൽ അന്വേഷണം ആവശ്യമാണെന്നും പീഡനങ്ങൾക്ക് ഇരയായ വ്യക്തിക്ക് പിന്തുണയെന്ന പേരിൽ താരത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും ഒഴിവാക്കുകയാണെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ പ്രതികരിച്ച ആന്റണി അത് പൂർണമായും നിഷേധിച്ചെങ്കിലും താരം അന്വേഷണം നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ താരത്തെ ടീമിൽ നിന്നും ഒഴിവാക്കിയത് മാഞ്ചസ്റ്റർ യുണൈറ്റഡിനു മേൽ സമ്മർദ്ദമുണ്ടാക്കുകയും ചെയ്യും. നേരത്തെ ഗ്രീൻവുഡ് സമാനമായ ആരോപണം നേരിട്ട് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. മോശം ഫോമിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ തിരിച്ചടിയാണിത്.
Antony Dropped From Brazil Squad Over Domestic Abuse