അർജന്റീനയുടെ ലോകകപ്പ് വിജയം മെസിക്ക് ലോകകപ്പ് നൽകാൻ മുൻകൂട്ടി തീരുമാനിച്ചത്, ആരോപണവുമായി ലൂയിസ് വാൻ ഗാൽ | Argentina

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയം ഐതിഹാസികമായിരുന്നു. ആദ്യത്തെ മത്സരത്തിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയ അർജന്റീന അതിനു ശേഷമുള്ള മത്സരങ്ങളിലെല്ലാം പൊരുതിയാണ് വിജയം സ്വന്തമാക്കിയത്. പതിറ്റാണ്ടുകൾക്ക് ശേഷം ലോകകപ്പ് വിജയം അർജന്റീനക്ക് സ്വന്തമാക്കി നൽകി മെസി തന്റെ കരിയറിന് പരിപൂർണത നൽകിയെങ്കിലും അതിനു ശേഷം ടൂർണമെന്റ് മുഴുവൻ മുൻകൂട്ടി പ്ലാൻ ചെയ്‌തതാണെന്ന വിമർശനം പല ഭാഗത്തു നിന്നും ഉയർന്നിരുന്നു. മെസിക്ക് ലോകകപ്പ് നൽകുന്നതിന് വേണ്ടിയാണിതു ചെയ്‌തതെന്നാണ്‌ പലരും ആരോപണമുന്നയിച്ചത്.

ഖത്തർ ലോകകപ്പിലെ ഏറ്റവും ചൂട് പിടിച്ച മത്സരമായിരുന്നു അർജന്റീനയും നെതർലാൻഡ്‌സും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടം. വീറും വാശിയും രണ്ടു ടീമിലെ താരങ്ങളും തമ്മിലുള്ള കൊമ്പു കോർക്കലുകളും എല്ലാം ഉണ്ടായിരുന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. ലോകകപ്പിൽ നെതർലാൻഡ്‌സിന്റെ പരിശീലകനായിരുന്ന ലൂയിസ് വാൻ ഗാലും ഇപ്പോൾ സമാനമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഖത്തർ ലോകകപ്പ് മെസിക്ക് കിരീടം നൽകാൻ വേണ്ടി നടത്തിയതാണെന്നാണ് അദ്ദേഹം ആരോപിച്ചത്.

“എനിക്ക് കൂടുതലൊന്നും പറയാനില്ല. ആ മത്സരത്തിലെ സ്‌കോർ 2-2 ആയിരുന്നു, മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടിരുന്നു, പെനാൽറ്റിയും ഉണ്ടായിരുന്നു. അർജന്റീന ഗോളുകൾ നേടിയതും ഞങ്ങൾ ഗോൾ നേടിയതും ചില അര്ജന്റീന കളിക്കാർ ഫൗൾ ചെയ്‌തിട്ടും ശിക്ഷിക്കപ്പെടാതിരുന്നതുമെല്ലാം നോക്കുമ്പോൾ എല്ലാം മുൻകൂട്ടി തീരുമാനിച്ചതു പോലെയാണ് തോന്നിയത്.” വാൻ ഗാൽ പറഞ്ഞു. താൻ പറഞ്ഞതു പോലെ ലയണൽ മെസി ലോകകപ്പ് നേടുകയെന്നത് പലരുടെയും ആവശ്യമായിരുന്നുവെന്നും കൂട്ടിച്ചേർത്ത അദ്ദേഹം അതേക്കുറിച്ച് പിന്നീടൊന്നും പ്രതികരിക്കാൻ തയ്യാറായില്ല.

അതേസമയം വാൻ ഗാലിന്റെ വാക്കുകൾ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ അർജന്റീനയോട് തോറ്റതിന്റെ നിരാശയിൽ നിന്നുണ്ടായതാണെന്നാണ് ആരാധകർ പറയുന്നത്. മത്സരത്തിനു മുൻപ് വാൻ ഗാൽ അർജന്റീന ടീമിനെയും മെസിയെയും തോൽപ്പിക്കാൻ കഴിയുമെന്ന് പറഞ്ഞിരുന്നു. മത്സരത്തിന് ശേഷം മെസി ഉൾപ്പെടെയുള്ള അർജന്റീന താരങ്ങൾ വാൻ ഗാലിനെതിരെ തിരിയുകയും ചെയ്‌തു. 2014 ലോകകപ്പിലും 2022 ലോകകപ്പിലും അർജന്റീനയോട് തോറ്റു പുറത്താകേണ്ടി വന്നതിന്റെ വേദനയാണ് വാൻ ഗാൽ പ്രകടിപ്പിക്കുന്നതെന്നാണ് ആരാധകരുടെ വാദം.

Van Gaal Says Argentina World Cup Win Was Scripted