ഇതാണ് യഥാർത്ഥ ഇൻഫ്ളുവൻസ്, മെസിയെ കാണാനെത്തിയ സെലിബ്രിറ്റികളുടെ ലിസ്റ്റ് കണ്ടു ഞെട്ടി ഫുട്ബോൾ ലോകം | Messi

ലയണൽ മെസി ഇന്റർ മിയാമിയിൽ തകർപ്പൻ പ്രകടനം നടത്തി മുന്നേറുകയാണ്. അമേരിക്കയെ തന്നെ ഇളക്കി മറിച്ച് എംഎൽഎസിൽ എത്തിയ താരം തന്റെ വരവിനു ലഭിച്ച സ്വീകാര്യതയെ നീതീകരിച്ച് മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. പതിനൊന്നു ഗോളുകളും അഞ്ച് അസിസ്റ്റുകളും മെസി ഇതുവരെ സ്വന്തമാക്കിയപ്പോൾ താരം വന്നതിനു ശേഷം ഇന്റർ മിയാമി ഒരിക്കൽപ്പോലും തോൽവി അറിഞ്ഞിട്ടില്ല. ക്ലബ് ആദ്യത്തെ കിരീടം സ്വന്തമാക്കുകയും ചെയ്‌തു.

ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം നിരവധി പ്രമുഖരാണ് താരത്തിന്റെ മത്സരം കാണാനായി എത്തുന്നത്. കല, കായിക, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിങ്ങനെ നിരവധി മേഖലയിലുള്ളവർ മെസിയെ കാണാനും താരത്തിന്റെ മികവ് ആസ്വദിക്കാനും എത്തുന്നു. കഴിഞ്ഞ മത്സരത്തിനുള്ള കാണികളിലും അതിനു വ്യത്യാസമുണ്ടായില്ല. ഫുട്ബോൾ ആരാധകരെ തന്നെ ഞെട്ടിക്കുന്നത്രയും സെലിബ്രിറ്റികളാണ് മെസിയുടെ മത്സരം കാണാൻ ലോസ് ഏഞ്ചൽസ് എഫ്‌സിയുടെ മൈതാനത്ത് വന്നത്.

മത്സരം കാണാൻ വന്ന പ്രധാനപ്പെട്ട വ്യക്തികളുടെ ലിസ്റ്റ് ലോസ് ഏഞ്ചൽസ് എഫ്‌സി പുറത്തു വിട്ടിരുന്നു. ഏതാണ്ട് നാൽപതോളം പ്രമുഖ വ്യക്തികളാണ് മത്സരത്തിനായി എത്തിയതെന്ന് ലിസ്റ്റിൽ നിന്നും വ്യക്തമാകുന്നു. ഇതിൽ ഹോളിവുഡ് നടനായ ലിയനാർഡോ ഡി കാപ്രിയോ, ഗായികയും നടിയുമായ സെലീന ഗോമസ്, ഹാരി രാജകുമാരൻ, ഹോളിവുഡ് നടന്മാരായ ടോം ഹോളണ്ട്, ഓവൽ വിത്സൺ, ലോസ് ഏഞ്ചൽസ് എഫ്‌സി ഉടമ വില ഫാരൽ എന്നിവരെല്ലാം ഉൾപ്പെടുന്നു. ഇതിനു പുറമെ മറ്റു സെലിബ്രിറ്റികളും ഉണ്ടായിരുന്നു.

ലയണൽ മെസി ആഗോളതലത്തിൽ ചെലുത്തുന്ന ഇൻഫ്ളുവൻസ് ഇതിൽ നിന്നും വ്യക്തമാണ്. എല്ലാ മേഖലയിലുള്ള പ്രമുഖ വ്യക്തിത്വങ്ങളും മെസിയെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഓരോ മത്സരങ്ങൾക്കും എത്തിച്ചേരുന്ന സെലിബ്രിറ്റികളുടെ എണ്ണം അത് വ്യക്തമാക്കുന്നു. മത്സരം കാണുന്നവർക്ക് തന്റെ മികച്ച പ്രകടനം കൊണ്ട് സന്തോഷിപ്പിക്കാൻ താരത്തിന് കഴിയുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്.

Celebrities Attended Messi Game Vs LAFC