ഐഎസ്എൽ താരങ്ങളേക്കാൾ കുറഞ്ഞ വേതനം, സ്വപ്‌ന ട്രാൻസ്‌ഫറിനായി ഫെലിക്‌സ് നടത്തിയത് വലിയ ത്യാഗം | Felix

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനത്തെ ദിവസമാണ് പോർച്ചുഗൽ താരമായ ജോവോ ഫെലിക്‌സിനെ ബാഴ്‌സലോണ സ്വന്തമാക്കിയത്. ബെൻഫിക്കയിൽ നിന്നും അത്ലറ്റികോ മാഡ്രിഡിലേക്ക് റെക്കോർഡ് ട്രാൻസ്‌ഫറിൽ എത്തിയ താരത്തിനു തിളങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ സീസണിൽ ചെൽസിയിൽ ലോണിൽ കളിച്ചിരുന്നു. എന്നാൽ അവിടെയും തിളങ്ങാനാവാതെ പോയ താരം വീണ്ടും അത്ലറ്റികൊയിലേക്ക് തന്നെ തിരിച്ചെത്തി.

അത്ലറ്റികോ പരിശീലകനായ ഡീഗോ സിമിയോണിയുടെ പദ്ധതികൾ തനിക്ക് അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞ പോർച്ചുഗൽ താരം ക്ലബ് വിടാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. തന്റെ സ്വപ്‌നമാണ് ബാഴ്‌സലോണയിലേക്ക് ചേക്കേറുകയെന്ന അഭിപ്രായം തുറന്നു പറയാനും താരം ധൈര്യം കാണിച്ചു. എന്നാൽ ഉയർന്ന ട്രാൻസ്‌ഫർ ഫീസും വേതനവും വാങ്ങുന്ന താരത്തെ സ്വന്തമാക്കുക ബാഴ്‌സലോണയെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ അവർ അതിനുള്ള ശ്രമങ്ങൾ കാര്യമായി നടത്തിയില്ല.

ഇപ്പോൾ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസം ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്‌ഫർ താരം പൂർത്തിയാക്കാൻ പ്രധാന കാരണം വേതനം വെട്ടിക്കുറയ്ക്കാൻ തയ്യാറായതാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു സീസണിലെ ലോൺ കരാറിൽ ക്ലബിലെത്തിയ താരം വെറും നാല് ലക്ഷം യൂറോ മാത്രമാണ് പ്രതിഫലമായി കൈപ്പറ്റുകയെന്നാണ് പെഡ്രോ മൊറാട്ടയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഐഎസ്എല്ലിൽ അഡ്രിയാൻ ലൂണയടക്കം നിരവധി താരങ്ങൾ ഇതിനേക്കാൾ പ്രതിഫലം വാങ്ങുന്നുണ്ടെന്ന് അറിയുമ്പോഴാണ് താരത്തിന്റെ ത്യാഗം എത്ര വലുതാണെന്ന് വ്യക്തമാവുക.

2018-19 സീസണിൽ തന്റെ പതിനെട്ടാം വയസിൽ ബെൻഫിക്കക്കായി പോർച്ചുഗീസ് ലീഗിൽ പതിനാറു ഗോളുകളും ഏഴ് അസിസ്റ്റുകളും സ്വന്തമാക്കി മിന്നും പ്രകടനം നടത്തിയ ഫെലിക്‌സ് പ്രതിഭയുള്ള താരമാണെന്ന കാര്യത്തിൽ സംശയമില്ല. താരത്തെ സംബന്ധിച്ച് ബാഴ്‌സലോണ ട്രാൻസ്‌ഫർ തന്റെ കഴിവുകൾ വീണ്ടെടുക്കാനുള്ള അവസരമാണ്. ഒസാസുനക്കെതിരായ കഴിഞ്ഞ മത്സരത്തിൽ എൺപതാം മിനുട്ടിൽ താരം പകരക്കാരനായി കളത്തിലിറങ്ങിയിരുന്നു. ഇത്രയും ത്യാഗം സഹിച്ചു ക്ലബിലെത്തിയ താരം ലഭിച്ച അവസരം മുതലെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Joao Felix Salary Is 4 Lakh Euros