മെസിയുടെ ഷോട്ടിനെ മിന്നൽ നീക്കത്തിലൂടെ തടഞ്ഞു, അത്ഭുതമടക്കാൻ കഴിയാതെ വാ പൊളിച്ചു നിന്ന് സെലീന ഗോമസ് | Messi

അമേരിക്കൻ ലീഗിലെ പ്രധാന ക്ലബുകളിൽ ഒന്നായ ലോസ് ഏഞ്ചൽസ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിലും വിജയം നേടിയതോടെ എംഎൽഎസിലെ കരുത്തുറ്റ ക്ലബായി തങ്ങൾ വളർന്നുവന്നു തെളിയിക്കാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞിട്ടുണ്ട്. മെസിയുടെ സാന്നിധ്യം തന്നെയാണ് അവർക്ക് കരുത്ത് പകരുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മെസി ഇറങ്ങിയതിനു ശേഷം ഒരു മത്സരത്തിൽ മാത്രം സമനില വഴങ്ങിയ അവർ ബാക്കിയുള്ള എല്ലാ മത്സരങ്ങളിലും വിജയം നേടുകയും ഒരു കിരീടം സ്വന്തമാക്കുകയും ചെയ്‌തു.

ലയണൽ മെസി അമേരിക്കയിൽ എത്തിയതിനു ശേഷം വിവിധ മേഖലകളിലുള്ള നിരവധി സെലിബ്രിറ്റികളാണ് താരത്തെ കാണാനായി മത്സരങ്ങൾക്കായി എത്തുന്നത്. ലോസ് ഏഞ്ചൽസ് എഫ്‌സിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ലിയനാർഡോ ഡി കാപ്രിയോ, സെലീന ഗോമസ്, ഓവൻ വിൽസൺ, പ്രിൻസ് ഹാരി തുടങ്ങിവരെല്ലാം എത്തിയിരുന്നു. അതിൽ തന്നെ അഭിനേത്രിയും ഗായികയുമായ സെലീന ഗോമസിന്റെ ഒരു എക്സ്പ്രെഷൻ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

മത്സരത്തിൽ മെസി ഗോളൊന്നും നേടിയില്ലെങ്കിലും മുപ്പത്തിയെട്ടാം മിനുട്ടിൽ താരം ഒരു ഗോൾ നേടുന്നതിന്റെ തൊട്ടരികിൽ എത്തിയിരുന്നു. ലോസ് ഏഞ്ചൽസ് എഫ്‌സി പ്രതിരോധനിരയെ മുഴുവൻ വട്ടം കറക്കിയതിനു ശേഷം സഹതാരത്തിനു പാസ് നൽകുകയും ബോക്‌സിലേക്ക് മുന്നേറിയ ശേഷം അത് തിരികെ വാങ്ങി ക്ലോസ് റേഞ്ചിൽ നിന്നും മെസി ഷോട്ടുതിർക്കുകയും ചെയ്‌തു. എന്നാൽ ലോസ് ഏഞ്ചൽസ് എഫ്‌സി ഗോൾകീപ്പർ മക്കാർത്തി അവിശ്വസനീയമായ രീതിയിൽ അത് തട്ടിയകറ്റുകയായിരുന്നു.

മെസിയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് തട്ടിയകറ്റിയതു കണ്ട് സെലീന ഗോമസ് അന്തം വിട്ടുവെന്ന് അവരുടെ എക്സ്പ്രെഷനിൽ നിന്നും വ്യക്തമാണ്. കടുത്ത മെസി ആരാധികയായ സെലീന ഗോമസ് ഇന്റർ മിയാമിയുടെ ട്രെയിനിങ് കാണാൻ മുൻപ് എത്തിയിട്ടുണ്ട്. എന്തായാലും അവർക്ക് മെസിയോടുള്ള ആരാധന കൂടുതൽ വ്യക്തമാക്കുന്ന ഒരു കാഴ്‌ച കൂടിയായിരുന്നു അത്. ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് സെലീന ഗോമസ്.

Selena Gomez Reaction To Messi