പോർച്ചുഗൽ ലോകകപ്പ് നേടുമെന്ന് റൊണാൾഡോ, പറഞ്ഞത് നുണയാണെന്ന് നുണപരിശോധന യന്ത്രം | Ronaldo

ഒരുകാലത്ത് ഫുട്ബോൾ ലോകത്തെ മികച്ച താരങ്ങളായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും ഒരുപോലെയാണ് പരിഗണിക്കപ്പെട്ടിരുന്നതെങ്കിലും ഖത്തർ ലോകകപ്പോടെ അതിൽ മാറ്റമുണ്ടായി. ഖത്തർ ലോകകപ്പടക്കം ദേശീയ ടീമിനായി എല്ലാ കിരീടങ്ങളും സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകത്തെ എക്കാലത്തെയും ഇതിഹാസമായി മെസി പ്രതിഷ്‌ഠിക്കപ്പെട്ടു. മെസിക്ക് പിന്നിൽ മാത്രമാണ് റൊണാൾഡോക്ക് സ്ഥാനമെന്ന് ഭൂരിഭാഗം പേരും വിധിയെഴുതുകയും ചെയ്‌തു.

അതേസമയം മുപ്പത്തിയെട്ടാം വയസിലും ഫുട്ബോൾ കളത്തിൽ വളരെയധികം ആവേശത്തോടെ തുടരുന്ന റൊണാൾഡോ അടുത്ത ലോകകപ്പ് കളിക്കുമെന്നും കിരീടം നേടാൻ ശ്രമം നടത്തുമെന്നുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിൽ ഇതുമായി ബന്ധപ്പെട്ട് റൊണാൾഡോയോട് ചോദ്യം ചോദിച്ചിരുന്നു. റൊണാൾഡോ പറയുന്നത് ശരിയാണോ തെറ്റാണോ എന്നറിയാൻ നുണ പരിശോധന യന്ത്രം വെച്ചാണ് താരത്തോടെ ചോദ്യം ചോദിച്ചത്.

പോർച്ചുഗൽ ലോകകപ്പ് വിജയിക്കുമെന്ന് കരുതുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ റൊണാൾഡോ ഉണ്ടെന്നാണ് മറുപടി പറഞ്ഞത്. അതേസമയം നുണപരിശോധന യന്ത്രം പരിശോധിച്ചപ്പോൾ റൊണാൾഡോ പറഞ്ഞ മറുപടി നുണയാണെന്നാണ് കണ്ടെത്തിയത്. താരത്തോട് അക്കാര്യം പറഞ്ഞപ്പോൾ താൻ വളരെയധികം ശുഭാപ്‌തി വിശ്വാസത്തോടെ പറഞ്ഞ മറുപടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും ആരാധകർ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്ത് ട്രോളുകൾ ആരംഭിച്ചിട്ടുണ്ട്.

അതിനു പുറമെ നിങ്ങൾ ലോകകപ്പ് നേടാൻ വേണ്ടി ഇതുവരെ നേടിയ എല്ലാ ചാമ്പ്യൻസ് ലീഗ് ട്രോഫികളും കൈമാറുമോ എന്ന ചോദ്യവും റൊണാൾഡോ നേരിടുകയുണ്ടായി. ഇല്ലെന്നാണ് റൊണാൾഡോ മറുപടി പറഞ്ഞത്. ഈ മറുപടി നുണപരിശോധനാ യന്ത്രത്തിൽ പരിശോധിച്ചപ്പോൾ റൊണാൾഡോ പറഞ്ഞ മറുപടി സത്യമാണെന്നു തന്നെയാണ് കണ്ടെത്തിയത്. താരത്തോടുള്ള ചോദ്യവും അതിനുള്ള മറുപടികളുമെല്ലാം ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നുണ്ട്.

Ronaldo Interview With Lie Detector