ചരിത്രനേട്ടം കുറിച്ച് ലയണൽ മെസിയുടെ പടയോട്ടം, ഈ റെക്കോർഡ് തൊടാൻ ആർക്കുമാവില്ല | Messi

ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസി തന്റെ ഗോൾവേട്ട കൊണ്ട് മാത്രമല്ല ആ നേട്ടം സ്വന്തമാക്കിയത്. ഗോളുകൾ നേടാനും അതുപോലെ തന്നെ ഗോളടിക്കാനുള്ള അവസരങ്ങൾ ഒരുക്കി നൽകാനും ലയണൽ മെസിക്ക് കഴിവുണ്ട്. അതുകൊണ്ടു തന്നെയാണ് ഗോൾഡൻ ബൂട്ട് പോലെയുള്ള പുരസ്‌കാരങ്ങളുടെ കൂടെ മികച്ച പ്ലേമേക്കർക്കുള്ള അവാർഡും നിരവധി തവണ സ്വന്തമാക്കാൻ മെസിക്ക് കഴിഞ്ഞിട്ടുള്ളത്. ഫുട്ബോൾ ലോകത്ത് ഇത്രയും കഴിവുള്ള താരങ്ങൾ അപൂർവമാണെന്നതിൽ തർക്കമില്ല.

കഴിഞ്ഞ ദിവസം ലോസ് ഏഞ്ചൽസ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിലും മെസിയുടെ പ്ലേമേക്കിങ് മാസ്റ്റർക്ലാസ് കാണാൻ കഴിഞ്ഞു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്റർ മിയാമി വിജയം നേടിയ മത്സരത്തിൽ അവസാനത്തെ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയ ലയണൽ മെസി ടീമിനു വേണ്ടി കളം നിറഞ്ഞു കളിക്കുന്നതാണ് കണ്ടത്. ഫാക്കുണ്ടോ ഫാരിയാസ്, ജോർദി ആൽബ, ലിയനാർഡോ കാമ്പാന എന്നിവരാണ് ഇന്റർ മിയാമിയുടെ ഗോളുകൾ നേടിയത്.

ഇന്റർ മിയാമിക്ക് വേണ്ടി രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കിയതോടെ ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾക്ക് വഴിയൊരുക്കിയ ഫുട്ബോൾ താരമെന്ന നേട്ടം ലയണൽ മെസി സ്വന്തമാക്കുകയുണ്ടായി. നിലവിൽ 361 അസിസ്റ്റുകൾ സ്വന്തം പേരിലുള്ള മെസിക്ക് പിന്നിൽ 359 ഗോളുകൾക്ക് വഴിയൊരുക്കിയ ഫ്രാങ്ക് പുഷ്‌കാസ് ആണ് നിൽക്കുന്നത്. 358 ഗോളുകൾക്ക് വഴിയൊരുക്കിയ യോഹാൻ ക്രൈഫ് മൂന്നാം സ്ഥാനത്തു നിൽക്കുമ്പോൾ ബ്രസീലിയൻ താരം പെലെ 351 ഗോളുകളോടെ നാലാമത് നിൽക്കുന്നു.

നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന ഫുട്ബോൾ താരങ്ങളിൽ ഈ ലിസ്റ്റിലുള്ളത് യുറുഗ്വായ് താരമായ ലൂയിസ് സുവാരസാണ്. 297 അസിസ്റ്റുകളാണ് മെസിയുടെ അടുത്ത സുഹൃത്തായ ലൂയിസ് സുവാരസിന്റെ പേരിലുള്ളത്. അതേസമയം ഇതിലെ പല താരങ്ങളുടെ കണക്കുകളിലും വ്യത്യാസമുണ്ടെന്ന് വാദങ്ങൾ പലരും ഉന്നയിക്കുന്നുണ്ട്. പുഷ്‌കാസിനു 404 കരിയർ അസിസ്റ്റുകൾ ഉണ്ടെന്നാണ് അവരുടെ വാദം. എന്തായാലും നിലവിലെ ഫോമിൽ ലയണൽ മെസി അതിനും മുകളിൽ എത്തുമെന്ന കാര്യത്തിൽ സംശയമില്ല.

Messi Most Career Assists In Football History