അർജന്റീനക്ക് ആശ്വാസവാർത്ത, പരിക്കേറ്റ താരം ലോകകപ്പിനു മുൻപ് തിരിച്ചെത്തും

ലോകകപ്പിനായി തയ്യാറെടുക്കുന്ന അർജന്റീന ടീമിന് ആശ്വാസവാർത്ത. ടീമിലെ പ്രധാന പ്രതിരോധതാരമായ ക്രിസ്റ്റ്യൻ റോമെറോ നിലവിൽ പരിക്കേറ്റു പുറത്താണെങ്കിലും ടൂർണമെന്റിനു മുൻപ് തിരിച്ചെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ലയണൽ സ്‌കലോണിയുടെ അർജന്റീന ആദ്യ ഇലവനിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായ റൊമേറോ ലോകകപ്പിനു മുൻപ് തിരിച്ചെത്തുമെന്ന വാർത്ത ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്.

നിരവധി താരങ്ങളുടെ പരിക്കു മൂലം ബുദ്ധിമുട്ടുകയാണ് അർജന്റീന ടീം. ഏഞ്ചൽ ഡി മരിയ, പൗളോ ഡിബാല, ലിയാൻഡ്രോ പരഡെസ്, എമിലിയാനോ മാർട്ടിനസ്, ജിയോവാനി ലോ സെൽസോ എന്നീ കളിക്കാരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇതിൽ ഡിബാല, ലോ സെൽസോ എന്നിവർക്ക് ലോകകപ്പ് നഷ്‌ടപ്പെടും എന്നാ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ഇതിനു പുറമെയാണ് ക്രിസ്റ്റ്യൻ റൊമേറോക്കും പരിക്കേറ്റു പുറത്തായത്.

എന്നാൽ താരത്തിന്റെ പരിക്ക് കൂടുതൽ ഗൗരവമുള്ളതല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പത്ത് ദിവസമാണ് റൊമേറോക്ക് വിശ്രമം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം കൂടുതൽ പരിശോധനകൾ നടത്തിയാണ് ഇക്കാര്യം മനസിലാക്കിയത്. ഇതോടെ നവംബർ ഇരുപത്തിരണ്ടിനു നടക്കുന്ന സൗദി അറേബ്യയുമായുള്ള ആദ്യത്തെ മത്സരത്തിൽ തന്നെ ഓട്ടമെൻഡിക്കൊപ്പം പ്രതിരോധം കാക്കാൻ താരമുണ്ടാകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

റോമെറോ ഇനി ലോകകപ്പിനു മുൻപ് ടോട്ടനത്തിനു വേണ്ടി കളിക്കില്ലെന്ന തീരുമാനം എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ക്ലബിനായി കളിച്ച് ലോകകപ്പിനു മുൻപ് വീണ്ടും പരിക്കേൽക്കേണ്ടെന്നു കരുതിയാണ് താരം അത്തരമൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ലോകകപ്പിനായി ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കുകയാണ് റൊമേരോയുടെ ലക്‌ഷ്യം.