ജയിച്ചിട്ടും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാമതെത്തിയില്ല, പിഎസ്‌ജി പ്രീ ക്വാർട്ടറിൽ വിയർക്കും

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയിട്ടും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടാൻ കഴിയാതെ പിഎസ്‌ജി. കിലിയൻ എംബാപ്പെ, ന്യൂനോ മെൻഡസ് എന്നിവരുടെ ഗോളുകളിലാണ് ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്‌ജി വിജയം നേടിയത്. എന്നാൽ മക്കാബി ഹൈഫക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയം നേടിയ പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക ഗ്രൂപ്പിൽ പിഎസ്‌ജിയെ മറികടന്ന് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ രണ്ടു ടീമുകൾക്ക് ഒരേ പോയിന്റ് ലഭിച്ചാൽ ഹെഡ് ടു ഹെഡ് അടിസ്ഥാനമാക്കിയാണ് ആരാണ് മുന്നിലെത്തുകയെന്ന കാര്യം തീരുമാനിക്കുക. പിഎസ്‌ജിയും ബെൻഫിക്കയും തമ്മിൽ നടന്ന രണ്ടു മത്സരങ്ങളിലും രണ്ടു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ഇതോടെ രണ്ടു ടീമുകളുടെയും ഗോൾ വ്യത്യാസം കണക്കിലെടുക്കാൻ നോക്കുമ്പോൾ അവിടെയും രണ്ടു ടീമുകളും നേടിയതും വഴങ്ങിയതുമായ ഗോളുകൾ ഒന്നായിരുന്നു.

ആറു മത്സരങ്ങളിൽ രണ്ടു ടീമും പതിനാല് പോയിന്റ് നേടിയപ്പോൾ നേടിയത് പതിനാറും വഴങ്ങിയത് ഏഴും ഗോളുകളായിരുന്നു. ഇതോടെ എവേ മത്സരങ്ങളിൽ നേടിയ ഗോളുകളുടെ എണ്ണം കണക്കാക്കിയാണ് ബെൻഫിക്ക ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത്. ബെൻഫിക്ക ഗ്രൂപ്പിൽ നടന്ന എവേ മത്സരങ്ങളിൽ ഒൻപതു ഗോളുകൾ നേടിയപ്പോൾ പിഎസ്‌ജിക്ക് ആറു ഗോളുകൾ മാത്രമേ നേടാൻ കഴിഞ്ഞിരുന്നുള്ളൂ. പിഎസ്‌ജിയെ മറികടന്ന് ഗ്രൂപ്പിൽ ഒന്നാമതെത്താൻ കഴിഞ്ഞത് പോർച്ചുഗീസ് ക്ലബിന് അഭിമാനനേട്ടമായി.

ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തു വന്നതോടെ ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിൽ വമ്പൻ എതിരാളികളെയാവും പിഎസ്‌ജിക്ക് നേരിടേണ്ടി വരിക. മറ്റു ഗ്രൂപ്പിൽ ഒന്നാമതെത്തിയ ടീമുകളായ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ബയേൺ മ്യൂണിക്ക്, നാപ്പോളി, ടോട്ടനം, പോർട്ടോ എന്നിവരാണ് പ്രീ ക്വാർട്ടറിൽ പിഎസ്‌ജിയുടെ എതിരാളികളായി വരാൻ സാധ്യതയുള്ളത്. ഇത് ഈ സീസണിൽ പിഎസ്‌ജിയുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾക്ക് തിരിച്ചടിയാണ്.