എമിലിയാനോ മാർട്ടിനസിനു സ്ഥാനം നഷ്‌ടമാകാൻ സാധ്യത, അർജന്റീനയിൽ അഴിച്ചുപണിയുണ്ടാകുമെന്ന് സ്‌കലോണി | Argentina

കോസ്റ്റാറിക്കക്കെതിരെ നാളെ രാവിലെ നടക്കാനിരിക്കുന്ന സൗഹൃദമത്സരത്തിൽ അർജന്റീന ദേശീയ ടീമിൽ വലിയ രീതിയിലുള്ള അഴിച്ചുപണി ഉണ്ടായേക്കാമെന്ന് വ്യക്തമാക്കി പരിശീലകൻ ലയണൽ സ്‌കലോണി. എൽ സാൽവദോറിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ആറോളം താരങ്ങളെ ഒഴിവാക്കി പുതിയ താരങ്ങൾക്ക് അവസരം നൽകാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒഴിവാക്കപ്പെടാൻ സാധ്യതയുള്ള പ്രധാന താരങ്ങളിലൊരാൾ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ്‌. ടീമിനായി ആദ്യമായി വല കാത്തതു മുതൽ പിന്നീട് അർജന്റീന ഗോൾവലക്കു കീഴിലെ സ്ഥിരമായ സാന്നിധ്യമാണ് എമിലിയാനോ. എന്നാൽ അടുത്ത മത്സരത്തിൽ ഡച്ച് ക്ലബായ പിഎസ്‌വിയുടെ ഗോളിയായ വാൾട്ടർ ബെനിറ്റസിനു അവസരം കൊടുക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ അലസാൻഡ്രോ ഗർണാച്ചോ ആദ്യ ഇലവനിൽ ഉണ്ടാകാനുള്ള സാധ്യതയും അദ്ദേഹം പങ്കു വെച്ചു. കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ ഇറങ്ങിയ താരം മികച്ച പ്രകടനം നടത്തിയിരുന്നു. ഇതുവരെ ഗർനാച്ചോ അർജന്റീനക്ക് വേണ്ടി ആദ്യ ഇലവനിൽ ഇറങ്ങിയിട്ടില്ല. ഡി മരിയയുമായി സംസാരിച്ചുവെന്നും താരം ആദ്യ ഇലവനിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ താരങ്ങൾക്ക് അവസരങ്ങൾ നൽകുന്നതിനും അവരുടെ പ്രകടനത്തെ നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് ടീമിൽ മാറ്റങ്ങൾ വരുത്തുന്നതെന്നത് വ്യക്തമാണ്. അർജന്റീന ടീമിൽ മികച്ച താരങ്ങൾക്ക് യാതൊരു കുറവില്ലെന്നു സ്‌കലോണി നേരത്തെ പറഞ്ഞിരുന്നു. കോപ്പ അമേരിക്കക്ക് ശേഷം പല താരങ്ങളും വിരമിക്കാൻ സാധ്യതയുള്ളതിനാൽ പകരക്കാരെ കണ്ടെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

അർജന്റീന സാധ്യത ഇലവൻ: ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ്/വാൾട്ടർ ബെനിറ്റസ്
പ്രതിരോധനിര: നാഹ്വൽ മോളിന, ക്രിസ്റ്റ്യൻ റോമെറോ/നിക്കോളാസ് ഓട്ടമെൻഡി, ജർമ്മൻ പെസല്ല, ടാഗ്ലിയാഫിക്കോ
മധ്യനിര: എൻസോ ഫെർണാണ്ടസ്, മാക് അലിസ്റ്റർ, ജിയോവാനി ലോ സെൽസോ
മുന്നേറ്റനിര: ഏഞ്ചൽ ഡി മരിയ, അലസാൻഡ്രോ ഗർനാച്ചോ, ഹൂലിയൻ അൽവാരസ്

Argentina Possible XI Against Costa Rica