ലോകകപ്പിനു ശേഷം കളത്തിലിറങ്ങാൻ അർജന്റീന, ആദ്യത്തെ മത്സരങ്ങൾ തീരുമാനമായി
ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരിൽ വലിയൊരു വിഭാഗം ആഘോഷിച്ചതാണ്. ലയണൽ മെസിയെന്ന ഇതിഹാസതാരത്തിന്റെ കരിയറിൽ ബാക്കിയുണ്ടായിരുന്ന ഒരേയൊരു കിരീടം നേടാൻ താരത്തിന് ഖത്തറിൽ കഴിഞ്ഞു. അർജന്റീനയെ മുന്നിൽ നിന്നു നയിക്കുന്ന പ്രകടനമാണ് നായകനായ മെസി ഖത്തറിൽ നടത്തിയത്. ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ താരം ഫൈനലിൽ രണ്ടു തവണ വല കുലുക്കി. ടൂർണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗോൾഡൻ ബോൾ പുരസ്കാരം ലയണൽ മെസിയെ തേടിയെത്തുകയും ചെയ്തു. ഇതോടെ രണ്ടു തവണ ഗോൾഡൻ ബോൾ നേടുന്ന ഒരേയൊരു താരമെന്ന റെക്കോർഡ് കൂടി മെസിക്ക് സ്വന്തമായി.
ഖത്തർ ലോകകപ്പിനു ശേഷം ലയണൽ മെസി വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ടൂർണമെന്റ് വിജയത്തിനു ശേഷം മെസിയതു നിഷേധിച്ചിരുന്നു. ലോകചാമ്പ്യന്മാരായി ഇനിയും കളിക്കണമെന്നും അർജന്റീനയിൽ തന്നെ തുടരുമെന്നുമാണ് മെസി പറഞ്ഞത്. ലോകകപ്പിനു ശേഷം വിരമിക്കുമെന്നു പറഞ്ഞ ഏഞ്ചൽ ഡി മരിയയും ലയണൽ മെസിയുടെ തീരുമാനത്തിനൊപ്പം നിന്നു. അതുകൊണ്ടു തന്നെ ലോകചാമ്പ്യന്മാരായ അർജന്റീന ടീം അടുത്ത മത്സരം കളിക്കുന്നത് എന്നാണെന്ന് അറിയാൻ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ.
ഇപ്പോൾ അർജന്റീന ടീം അടുത്ത മത്സരം കളിക്കുക എന്നാണെന്ന കാര്യത്തിൽ ഏകദേശം തീരുമാനമായിട്ടുണ്ട്. അർജന്റീനയുമായി ബന്ധപ്പെട്ട വാർത്തകളുടെ വിശ്വാസയോഗ്യമായ ഉറവിടമായി കണക്കാക്കപ്പെടുന്ന ജേർണലിസ്റ്റായ ഗാസ്റ്റൻ എഡുലിന്റെ റിപ്പോർട്ടുകൾ പ്രകാരം മാർച്ചിലാണ് ലോകചാമ്പ്യന്മാർ അടുത്ത മത്സരം കളിക്കുക. മാർച്ച് 21 മുതൽ 28 വരെയുള്ള തീയതികളിൽ രണ്ടു മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്. ഈ രണ്ടു മത്സരങ്ങളും അർജന്റീനിയൻ തലസ്ഥാനം ബ്യുണസ് അയേഴ്സിൽ നടക്കും. അർജന്റീനയിലെ ആരാധകർക്ക് ഇതൊരു വിരുന്നായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
OFFICIAL: Argentina 🇦🇷 will play 2 international friendlies in Buenos Aires, Argentina 🇦🇷 during the period 21 to 28 March this year.
— ARG Soccer News ™ 🇦🇷⚽⭐️⭐️⭐️🏆 (@ARG_soccernews) January 6, 2023
[@gastonedul] pic.twitter.com/iqmp8feMuM
അതേസമയം അർജന്റീന സൗഹൃദമത്സരം കളിക്കുന്ന ടീമുകൾ ഏതൊക്കെയാണെന്ന കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം അർജന്റീനയുടെ ഒരു എതിരാളി ലോകകപ്പിന്റെ ആദ്യത്തെ റൗണ്ടിൽ തന്നെ പുറത്തായ ടീമായ ബെൽജിയമാവാൻ സാധ്യതയുണ്ട്. രണ്ടാമത്തെ എതിരാളി ആരാണെന്ന കാര്യത്തിൽ കൃത്യമായ സൂചനകളില്ല. ലോകകപ്പ് കഴിഞ്ഞ സമയത്ത് പോർച്ചുഗൽ, ഈജിപ്ത് എന്നീ ടീമുകളുമായി അർജന്റീന സൗഹൃദമത്സരം കളിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അവയൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പോർച്ചുഗലാണ് എതിരാളിയെങ്കിൽ ഒരിക്കൽക്കൂടി മെസി-റൊണാൾഡോ പോരാട്ടം ആരാധകർക്ക് കാണാൻ കഴിയും.
മുപ്പത്തിയാറു വർഷത്തിനു ശേഷമാണ് അർജന്റീന ലോകകപ്പ് നേടുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീന ടീം തികഞ്ഞ ആധിപത്യമാണ് കാണിച്ചു കൊണ്ടിരിക്കുന്നത്. മുപ്പത്തിയാറു മത്സരങ്ങളിൽ തോൽവി അറിയാതെയാണ് അർജന്റീന ലോകകപ്പിനെത്തിയത്. അതിനിടയിൽ കോപ്പ അമേരിക്ക, ഫൈനലിസിമ എന്നീ കിരീടങ്ങൾ ടീം സ്വന്തമാക്കിയിരുന്നു. അതിനു പുറമെയാണ് ഖത്തറിൽ ഏറെ നാളത്തെ കാത്തിരിപ്പവസാനിപ്പിച്ച് ടീം ലോകകപ്പും നേടിയത്.