എംബാപ്പയെയും നദാലിനേയും ബഹുദൂരം പിന്നിലാക്കി, ലയണൽ മെസിക്ക് മറ്റൊരു പുരസ്‌കാരം കൂടി

ഖത്തർ ലോകകപ്പിലെ വിജയത്തോടെ ലയണൽ മെസി തന്റെ കരിയർ പൂർണമാക്കി. ക്ലബ് തലത്തിലും ദേശീയ ടീമിനൊപ്പവും ഇനി താരത്തിന് സ്വന്തമാക്കാൻ നേട്ടങ്ങൾ ബാക്കിയില്ല. ലയണൽ മെസി തന്നെ അർജന്റീനയുടെ വിജയത്തിൽ മുന്നിൽ നിന്നു നയിക്കുകയും ചെയ്‌തു. ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയ താരം ടൂർണമെന്റിലെ ഗോൾഡൻ ബോൾ പുരസ്‌കാരവും നേടിയിരുന്നു. ലയണൽ മെസിയെ സംബന്ധിച്ച് തന്റെ ജീവിതത്തിലെ തന്നെ സ്വപ്‌നസാക്ഷാത്കാരവും തനിക്കെതിരെ വിമർശനം നടത്തിയവർക്കുള്ള മറുപടിയുമാണ് മുപ്പത്തിയഞ്ചാം വയസിൽ പൊരുതി നേടിയ ലോകകകിരീടം.

ലോകകപ്പിലെ വിജയത്തോടെ നിരവധി പുരസ്‌കാരങ്ങൾ ലയണൽ മെസിയെ തേടി വരുന്നുണ്ട്. ലോകകപ്പിനു ശേഷം ഐഎഫ്എഫ്എച്ച്എസിന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലയണൽ മെസി സ്വന്തമാക്കിയിരുന്നു. ഇപ്പോൾ മറ്റൊരു നേട്ടം കൂടി മെസിയെ തേടി വന്നിരിക്കുകയാണ്. ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ നൽകുന്ന ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് എന്ന അവാർഡാണ് മെസിയെ തേടിയെത്തിയിരിക്കുന്നത്. കായികമേഖലയിലെ നിരവധി വമ്പൻ താരങ്ങളെ വലിയ വ്യത്യാസത്തിൽ മറികടന്നാണ് ഈ അവാർഡ് മെസി നേടിയത്.

808 പോയിന്റുമായി ലയണൽ മെസി ഒന്നാം സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ 381 പോയിന്റ് മാത്രമാണ് രണ്ടാം സ്ഥാനത്തുള്ള കിലിയൻ എംബാപ്പെക്ക് നേടാൻ കഴിഞ്ഞത്. ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ 285 പോയിന്റുമായി മൂന്നാം സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ ബെൽജിയൻ സൈക്ലിങ് താരം റെംകോ ഇവാനോപോൾ നാലാമത് നിൽക്കുന്നു. ഫോർമുല വണ്ണിലെ പ്രധാനി മാക്സ് വെസ്റ്റപ്പനാണ് അഞ്ചാമത്. റയൽ മാഡ്രിഡ് താരം കരിം ബെൻസിമ, ഒളിമ്പ്യൻ അർമാൻ ഡുപ്ലന്റീസ്, എൻബിഎ ലെജൻഡ് സ്റ്റീഫൻ കറി, ഫ്രഞ്ച് റഗ്ബി താരം അന്റോയിൻ ഡ്യൂപോണ്ട്, റൊമാനിയൻ സ്വിമ്മർ ഡേവിഡ് പോപോവിച്ചി എന്നിവർ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു.

ലോകകപ്പ് വിജയത്തോടെ ലയണൽ മെസിയെത്തേടി പുരസ്‌കാരങ്ങൾ നിരവധി വരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലോകകപ്പിനു ശേഷം ഇപ്പോൾ തന്നെ രണ്ടു പ്രധാന നേട്ടങ്ങൾ സ്വന്തമാക്കിയ ലയണൽ മെസി ഈ വർഷത്തെ ബാലൺ ഡി ഓറും നേടാനുള്ള സാധ്യതയുണ്ട്. അത് സംഭവിച്ചാൽ നിലവിൽ ഏഴു ബാലൺ ഡി ഓർ നേടിയ മെസി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺ ഡി ഓർ ആയിരിക്കും സ്വന്തമാക്കുക. മറ്റൊരു താരത്തിനും ഇതുപോലൊരു നേട്ടം സ്വന്തമാക്കുക പ്രയാസമായിരിക്കും. പിഎസ്‌ജിക്കൊപ്പം മികച്ച പ്രകടനം നടത്തിയാൽ ബാലൺ ഡി ഓറിൽ മെസിക്ക് വെല്ലുവിളികളൊന്നും ഉണ്ടാകാനുള്ള സാധ്യതയില്ല.