പോർച്ചുഗലും അർജന്റീനയും തമ്മിൽ മത്സരം നടന്നേക്കും, ലോകകപ്പ് വിജയം ആഘോഷിക്കാൻ അർജന്റീന

മുപ്പത്തിയാറു വർഷത്തെ കാത്തിരിപ്പവസാനിപ്പിച്ചാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം സ്വന്തമാക്കിയത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി തന്നെ സ്വയം അടയാളപ്പെടുത്തി ടൂർണമെന്റിൽ നിറഞ്ഞാടിയ അർജന്റീന നായകനായ ലയണൽ മെസിക്ക് തന്റെ കരിയറിലെ ആദ്യത്തെ ലോകകപ്പ് കിരീടവും സ്വന്തമാക്കാൻ കഴിഞ്ഞു. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്ന നിലയിലേക്ക് ലയണൽ മെസി ഉയരുകയും ചെയ്‌തു. അർജന്റീനയുടെയും ലയണൽ മെസിയുടെയും ആരാധകർ ഒരുപാട് കാലമായി ആഗ്രഹിക്കുന്ന കിരീടധാരണം തന്നെയാണ് അർജന്റീന ഖത്തറിൽ നേടിയത്.

മുപ്പത്തിയാറു വർഷത്തിനു ശേഷം അർജന്റീന സ്വന്തമാക്കിയ ആദ്യത്തെ ലോകകപ്പും ലയണൽ മെസിയുടെ കരിയറിലെ ആദ്യത്തെ ലോകകപ്പും വളരെ മികച്ച രീതിയിൽ തന്നെ ആഘോഷിക്കാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഒരുങ്ങുന്നത്. ഇതിനു വേണ്ടി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ എഎഫ്എ നടത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റായ ക്ലൗഡിയോ ടാപ്പിയ വെളിപ്പെടുത്തി. ഇതിനായി ഫിഫയുടെ അനുമതി മാത്രമാണ് ലഭിക്കാനുള്ളതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.

“അടുത്ത വർഷത്തെ മത്സരങ്ങളുടെ കലണ്ടർ ഞങ്ങൾ പരിശോധിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ താരങ്ങൾക്ക് അവർ അർഹിച്ച അംഗീകാരം ലഭിക്കണം. അത് അർജന്റീനയിൽ തന്നെ കളിക്കാൻ കഴിഞ്ഞാൽ വളരെ നല്ലത്. ഫിഫ എപ്പോഴാണ് അവരുടെ സ്കെഡ്യൂൾ പുറത്തു വിടുകയെന്ന് ഞങ്ങൾ നോക്കുകയാണ്. പക്ഷെ ഞങ്ങൾക്ക് മറ്റു രാജ്യങ്ങളിൽ കളിക്കുന്നതിനു മുൻപേ തന്നെ സ്വന്തം രാജ്യത്ത് കളിക്കണം എന്നാണ് ആവശ്യം.” ടാപ്പിയ പറഞ്ഞു.

അടുത്ത വർഷത്തെ മത്സരങ്ങൾ ഫിഫ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അർജന്റീന സ്വന്തം രാജ്യത്ത് മത്സരങ്ങൾക്കായി ക്ഷണിക്കാൻ പോകുന്ന ടീമുകൾ ഏതൊക്കെയാണെന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. വിവിധ റിപ്പോർട്ടുകൾ പ്രകാരം പോർച്ചുഗൽ, ഈജിപ്‌ത്‌ എന്നീ ടീമുകളെയാണ് അർജന്റീന സ്വന്തം രാജ്യത്തേക്ക് ക്ഷണിക്കാൻ പോകുന്നത്. മാർച്ച് മാസത്തിൽഅർജന്റീനയിൽ വെച്ച് മത്സരങ്ങൾ നടത്താനാണ് എഎഫ്എ ശ്രമിക്കുന്നത്. എന്നാൽ ഫിഫ കൂടി അനുമതി നൽകിയാലേ ഇത് പ്രാബല്യത്തിൽ വരികയുള്ളൂ.