മെസിക്ക് പുതിയ കരാർ നൽകുമ്പോൾ റാമോസിനെ അവഗണിച്ച് പിഎസ്‌ജി

ഖത്തർ ലോകകപ്പിൽ കിരീടം നേടി ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന തലത്തിലേക്ക് സംശയങ്ങളില്ലാതെ ഉയർന്ന ലയണൽ മെസിക്ക് പുതിയ കരാർ നൽകാനുള്ള ശ്രമം നടത്തുകയാണ് താരത്തിന്റെ ക്ലബായ പിഎസ്‌ജി. 2021 സമ്മറിൽ ക്ലബ്ബിലേക്ക് ചേക്കേറിയ അർജന്റീന താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോവുകയാണ്. ഇതുവരെയും ലയണൽ മെസി പുതിയ കരാറൊപ്പിട്ടതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും അതടുത്തു തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024 വരെയുള്ള കരാറും അതിനു ശേഷം അതൊരു വർഷത്തേക്ക് നീട്ടാനുള്ള ഉടമ്പടിയുമാണ് ലയണൽ മെസിക്ക് പിഎസ്‌ജി നൽകാനായി തയ്യാറെടുക്കുന്നത്.

മുൻ ബാഴ്‌സലോണ നായകനായ ലയണൽ മെസിയുടെ കരാർ പുതുക്കാൻ പിഎസ്‌ജി ഒരുങ്ങുമ്പോൾ അതെ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിയ മുൻ റയൽ മാഡ്രിഡ് നായകനും സ്‌പാനിഷ്‌ ഇതിഹാസവുമായ സെർജിയോ റാമോസിന് ഇതുവരെയും പുതിയ കരാർ നൽകാൻ അവർ തയ്യാറായിട്ടില്ല. ലയണൽ മെസിയെപ്പോലെ തന്നെ ഇനി ആറു മാസമാണ് സെർജിയോ റാമോസിനും കരാറിൽ ബാക്കിയുള്ളത്. 2023 ജൂണിൽ കരാർ അവസാനിക്കുന്ന താരവുമായി ഇതുവരെ അതു പുതുക്കാനുള്ള യാതൊരു ചർച്ചകൾക്കും പിഎസ്‌ജി തയ്യാറായിട്ടില്ലെന്ന് സ്‌പാനിഷ്‌ മാധ്യമം മുണ്ടോ ഡീപോർടീവോ വെളിപ്പെടുത്തുന്നു. താരം കരാർ ചർച്ചകൾ ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2021 സമ്മറിലാണ് റയൽ മാഡ്രിഡ് വിട്ടു ഫ്രീ ഏജന്റായ സെർജിയോ റാമോസ് പിഎസ്‌ജിയിലേക്ക് ചേക്കേറുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ ഭൂരിഭാഗം സമയവും കളത്തിനു വെളിയിലായിരുന്നു താരം. ഈ സീസണിൽ പരിക്കിൽ നിന്നും മുക്തനായ താരം ടീമിനു വേണ്ടി സ്ഥിരമായി ഇറങ്ങുന്നുണ്ട്. അതേസമയം ലോകകപ്പിനുള്ള സ്പെയിൻ ടീമിൽ നിന്നും റാമോസ് പുറത്തായിരുന്നു. റാമോസിന്റെ പ്രായം പരിഗണിച്ച് പുതിയ കരാർ നൽകാൻ പിഎസ്‌ജി വിസമ്മതം അറിയിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. വലിയ പ്രതിഫലമാണ് താരം വാങ്ങുന്നത്.

വരുന്ന മാർച്ചിൽ മുപ്പത്തിയേഴു വയസു തികയുന്ന സെർജിയോ റാമോസിന് പുതിയ കരാർ നൽകുകയാണെങ്കിലും അത് ഒരു വർഷത്തേക്ക് മാത്രമാകും എന്നുറപ്പാണ്. അതേസമയം പിഎസ്‌ജിക്കായി മികച്ച പ്രകടനം നടത്തി സ്പെയിൻ ടീമിലേക്ക് തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റാമോസ്. ലൂയിസ് എൻറിക് പരിശീലകനായതിനു ശേഷം പിന്നീട് ടീമിൽ റാമോസിന് അവസരം ലഭിച്ചിട്ടില്ല. ലോകകപ്പിനു ശേഷം എൻറിക്കിന് പകരക്കാരനായി എത്തിയ ലൂയിഡ് ഡി ലാ ഫ്യുവന്റെ പ്രായമല്ല, താരങ്ങളുടെ പ്രകടനമാണ് കണക്കാക്കുകയെന്നു പറഞ്ഞത് റാമോസിന് പ്രതീക്ഷയാണ്.

Sergio Ramos Still Not Received Contract Extension Offer From PSG