ലോകകപ്പ് ഫൈനലിലെ തോൽവി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല, മെസി വരാൻ കാത്തിരിക്കുകയാണെന്ന് എംബാപ്പെ

സ്‌ട്രോസ്‌ബർഗിനെതിരെ ഇന്നലെ നടന്ന ലീഗ് വൺ മത്സരത്തിൽ വിജയം നേടിയതിനു പിന്നാലെ ലയണൽ മെസിയെപ്പറ്റിയും ലോകകപ്പിന്റെ ഫൈനലിൽ തോൽവി വഴങ്ങിയതിനെപ്പറ്റിയും പ്രതികരിച്ച് എംബാപ്പെ. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ടീമിന്റെ വിജയഗോൾ നേടിയത് കിലിയൻ എംബാപ്പെയായിരുന്നു. നെയ്‌മർ അറുപത്തിരണ്ടാം മിനുട്ടിൽ തന്നെ ചുവപ്പുകാർഡ് നേടി പുറത്തു പോയതിനു ശേഷം പത്തു പേരുമായി പിഎസ്‌ജിക്ക് മത്സരം പൂർത്തിയാക്കേണ്ടി വന്നെങ്കിലും നിർണായകമായ ഗോളോടെ എംബാപ്പെ ടീമിന്റെ രക്ഷകനായി മാറി.

ലോകകപ്പ് ഫൈനൽ മത്സരത്തിനു ശേഷം ലയണൽ മെസിയെയും എംബാപ്പയെയും ബന്ധപ്പെടുത്തി നിരവധി അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. ഇതിനു പിന്നാലെ ലയണൽ മെസിക്ക് പുതിയ കരാർ നൽകാനുള്ള നീക്കങ്ങൾ പിഎസ്‌ജി ശക്തമാക്കുകയും ചെയ്‌തു. എന്നാൽ മെസിക്ക് പുതിയ കരാർ നൽകുന്നതിൽ എംബാപ്പെക്ക് താൽപര്യമില്ലെന്നും താരം പിഎസ്‌ജി വിടാൻ താരം ശ്രമിക്കുന്നുവെന്നുമാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ ഇതിനെയെല്ലാം തള്ളിക്കളയുന്ന പ്രതികരണമാണ് കഴിഞ്ഞ ദിവസം എംബാപ്പെ നടത്തിയത്.

“ഫൈനലിനു ശേഷം ഞാൻ ലയണൽ മെസിയുമായി സംസാരിച്ചിരുന്നു. താരത്തിനു ഞാൻ അഭിനന്ദനം അറിയിക്കുകയും ചെയ്‌തു. മെസിയെ സംബന്ധിച്ച് ഇത് ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിജയമായിരുന്നു. എന്നെ സംബന്ധിച്ചും അങ്ങിനെ തന്നെയാണ്, പക്ഷെ ഞാൻ പരാജയപ്പെട്ടു. ക്ലബിനായി ഏറ്റവും മികച്ചത് നൽകുക എന്നതാണ് ഇനി പ്രധാനപ്പെട്ട കാര്യം. ലയണൽ മെസിയുടെ തിരിച്ചു വരവിനും ഗോളുകൾ നേടാനും വിജയങ്ങൾ കണ്ടെത്താനും ഞങ്ങൾ കാത്തിരിക്കുകയാണ്.” ഇന്നലത്തെ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ എംബാപ്പെ പറഞ്ഞു.

ലോകകപ്പ് ഫൈനലിനു ശേഷം പെട്ടന്നു തന്നെ ടീമിലേക്ക് തിരിച്ചു വന്നതിനെ കുറിച്ചും എംബാപ്പെ വെളിപ്പെടുത്തി. “എനിക്കത് ഉൾക്കൊള്ളാൻ പ്രയാസമുള്ള കാര്യമായിരുന്നു. എന്നാൽ ഞാനെന്റെ സഹതാരങ്ങളോടും പരിശീലകരോടും പറഞ്ഞത് ദേശീയ ടീമിനൊപ്പമുള്ള പരാജയത്തിന് ക്ലബ് ഒരിക്കലും വില കൊടുക്കേണ്ട കാര്യമില്ലെന്നാണ്. രണ്ടു വ്യത്യസ്‌ത സാഹചര്യങ്ങളാണിത്. പിഎസ്‌ജിക്ക് സാധ്യമായ എല്ലാ കിരീടങ്ങളും നേടിക്കൊടുക്കുക എന്നതു തന്നെയാണ് ഇനിയുള്ള പ്രധാന ലക്‌ഷ്യം.” താരം വ്യക്തമാക്കി.

ലോകകപ്പിനു മുൻപ് യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയിരുന്ന മുന്നേറ്റനിരയായിരുന്നു ലയണൽ മെസി, എംബാപ്പെ, നെയ്‌മർ എന്നിവർ. മെസി കൂടുതലും ഗോളുകൾക്ക് വഴിയൊരുക്കി നൽകിയപ്പോൾ നെയ്‌മറും എംബാപ്പയും ഗോളുകൾ അടിച്ചു കൂട്ടി. മൂന്നു താരങ്ങളും ഒത്തിണക്കത്തോടെ കളിച്ചാൽ ഇത്തവണ സാധ്യമായ എല്ലാ കിരീടങ്ങളും നേടാനുള്ള കരുത്ത് പിഎസ്‌ജിക്കുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അത് സംഭവിച്ചാൽ ലയണൽ മെസിയെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച സീസണായിരിക്കുമത്.

kylian mbappe comments on lionel messi return and world cup final