ഡൈവിങ്ങിനു നെയ്‌മർക്ക് ചുവപ്പുകാർഡ് ലഭിച്ച മത്സരത്തിൽ എംബാപ്പെ പിഎസ്‌ജിയുടെ രക്ഷകനായി, ലീഡ്‌സിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി

ലോകകപ്പിനു ശേഷം നടന്ന പിഎസ്‌ജിയുടെ ആദ്യത്തെ മത്സരത്തിൽ പിഎസ്‌ജിയുടെ രക്ഷകനായി കിലിയൻ എംബാപ്പെ. സ്‌ട്രോസ്‌ബർഗിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം പിഎസ്‌ജി നേടിയപ്പോൾ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ എംബാപ്പയാണ് വിജയഗോൾ നേടിയത്. ഒരു മിനുറ്റിനിടയിൽ രണ്ടു മഞ്ഞക്കാർഡ് കണ്ടു നെയ്‌മർ പുറത്തായ മത്സരത്തിൽ മുപ്പതു മിനുട്ടിലധികം പിഎസ്‌ജി പത്ത് പെരുമായാണ് കളിച്ചതെങ്കിലും മത്സരത്തിൽ വിജയം സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞു.

പതിനാലാം മിനുട്ടിൽ തന്നെ പിഎസ്‌ജിക്ക് മത്സരത്തിൽ മുന്നിലെത്താൻ കഴിഞ്ഞിരുന്നു. നെയ്‌മർ എടുത്ത മനോഹരമായ ഫ്രീ കിക്കിനു തല വെച്ച് ബ്രസീലിയൻ താരം മാർക്വിന്യോസാണ് പിഎസ്‌ജിയെ മുന്നിലെത്തിച്ചത്. ആദ്യപകുതിയിൽ ആ ഗോളിന്റെ ലീഡ് പിഎസ്‌ജിക്കുണ്ടായിരുന്നെങ്കിലും രണ്ടാം പകുതിയാരംഭിച്ച് നാല് മിനിറ്റിനകം സ്‌ട്രോസ്‌ബർഗ് ഒപ്പമെത്തി. പിഎസ്‌ജിയുടെ ആദ്യത്തെ ഗോൾ നേടിയ മാർക്വിന്യോസിന്റെ സെൽഫ് ഗോളാണ് അവരെ ഒപ്പമെത്തിച്ചത്.

പിഎസ്‌ജിയുടെ കാര്യം കൂടുതൽ പരുങ്ങലിലാക്കിയാണ് അറുപത്തിരണ്ടാം മിനുട്ടിൽ നെയ്‌മർക്ക് ചുവപ്പുകാർഡ് ലഭിക്കുന്നത്. അറുപത്തിയൊന്നാം മിനുട്ടിൽ ഒരു ഫൗളിന് മഞ്ഞക്കാർഡ് ലഭിച്ച താരം അതിനു പിന്നാലെ ബോക്‌സിലേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഡൈവ് ചെയ്യുകയായിരുന്നു. ഇതോടെ റഫറി അടുത്ത മഞ്ഞക്കാർഡും ചുവപ്പുകാർഡും നൽകി താരത്തെ പുറത്താക്കി. റഫറിയോട് രൂക്ഷമായി കയർത്താണ് നെയ്‌മർ കളിക്കളം വിട്ടത്. ഇതോടെ മത്സരത്തിൽ സ്‌ട്രോസ്‌ബർഗ് കൂടുതൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി.

മത്സരം ഇഞ്ചുറി ടൈമിലേക്ക് നീണ്ടപ്പോഴാണ് എംബാപ്പെ ടീമിന്റെ രക്ഷകനായത്. ബോക്‌സിലേക്ക് മുന്നേറ്റം നടത്തിയ താരത്തെ സ്‌ട്രോസ്‌ബർഗ് ഡിഫൻഡർ വലിച്ചിട്ടതിനാണ് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത താരം ലക്‌ഷ്യം കണ്ട് പിഎസ്‌ജിക്ക് വിജയവും മൂന്നു പോയിന്റും സ്വന്തമാക്കി നൽകി. ലോകകപ്പിനു ശേഷം തിരിച്ചു വന്നിട്ടില്ലാത്ത ലയണൽ മെസി ഇല്ലാതെയാണ് പിഎസ്‌ജി ഇറങ്ങിയത്. മത്സരത്തിലെ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലെൻസുമായുള്ള പോയിന്റ് വ്യത്യാസം എട്ടാക്കി വർധിപ്പിക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞു.

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി കീഴടക്കി. സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലാൻഡ് രണ്ടു ഗോളുകൾ നേടിയപ്പോൾ റോഡ്രിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റൊരു ഗോൾ നേടിയത്. ലീഡ്‌സിന്റെ ആശ്വാസഗോൾ പാസ്‌കൽ സ്ട്രൂയ്ക് ആണ് നേടിയത്. മത്സരത്തിൽ വിജയം നേടിയെങ്കിലും പ്രീമിയർ ലീഗ് നിലനിർത്താൻ ആഴ്‌സനലിന്റെ തോൽവി മാഞ്ചസ്റ്റർ സിറ്റി കാത്തിരിക്കണം. ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിനേക്കാൾ അഞ്ചു പോയിന്റ് പിന്നിലാണ് മാഞ്ചസ്റ്റർ സിറ്റിയുള്ളത്.

mbabbe scored winner for psg neymar red card haaland brace for man city