അർജന്റീനക്കു ലോകകപ്പ് നേടിക്കൊടുത്ത യുവവിസ്‌മയത്തിനു റെക്കോർഡ് തുക ഓഫർ ചെയ്‌ത്‌ പ്രീമിയർ ലീഗ് ക്ലബ് | Enzo Fernandez

ഖത്തർ ലോകകപ്പിൽ അർജന്റീന നിരയിൽ ഏവരെയും അമ്പരപ്പിച്ച പ്രകടനം നടത്തിയ താരമാണ് എൻസോ ഫെർണാണ്ടസ്. ആദ്യ രണ്ടു മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടമില്ലാതിരുന്ന താരം പിന്നീട് നടന്ന എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങുകയും അർജന്റീനക്ക് കിരീടം നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിക്കുകയും ചെയ്‌തു. വെറും ഇരുപത്തിയൊന്നു വയസ് മാത്രം പ്രായമുള്ള താരത്തിനാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചത്. ഇതോടെ യൂറോപ്പിലെ നിരവധി ക്ലബുകളാണ് താരത്തിനായി രംഗത്തു വന്നിരിക്കുന്നത്.

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് അർജന്റീനിയൻ ക്ലബായ റിവർപ്ലേറ്റിൽ നിന്നും എൻസോ ഫെർണാണ്ടസിന്റെ പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക സ്വന്തമാക്കുന്നത്. വെറും പതിനെട്ടു മില്യൺ യൂറോയായിരുന്നു ട്രാൻസ്‌ഫർ തുക. താരത്തിന് 120 മില്യൺ യൂറോയുടെ റിലീസിംഗ് ക്ലോസും പോർച്ചുഗീസ് ക്ലബ് വെച്ചു. എന്നാൽ ലോകകപ്പ് കഴിഞ്ഞതോടെ എൻസോക്കായി നിരവധി ക്ലബുകളാണ് രംഗത്തുള്ളത്. 120 മില്യൺ റിലീസ് ക്ലോസ് നൽകി താരത്തെ സ്വന്തമാക്കാമെന്നു തന്നെയാണ് ഈ ക്ലബുകളെല്ലാം വാഗ്‌ദാനം ചെയ്യുന്നത്. റയൽ മാഡ്രിഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബുകളെല്ലാം ഇതിലുണ്ട്.

എന്നാൽ ഇവരെയെല്ലാം കടത്തിവെട്ടുന്ന ഓഫറുമായി എൻസോയെ സ്വന്തമാക്കാൻ ഓഫറുമായി രംഗത്തു വന്നിരിക്കുകയാണ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി. പോർച്ചുഗീസ് ക്ലബായ ഡെയിലി റെക്കോർഡിന്റെ റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ റിലീസിംഗ് തുകയേക്കാൾ കൂടുതൽ എൻസോക്കായി നൽകാമെന്നാണ് ചെൽസിയുടെ വാഗ്‌ദാനം. 130 മില്യൺ യൂറോയോളമാണ് അർജന്റീന താരത്തിനായി ചെൽസി ഓഫർ ചെയ്‌തിരിക്കുന്നത്‌. നടന്നാൽ ചെൽസിയുടെ ചരിത്രത്തിലെ ഏറ്റവുമുയർന്ന തുകക്കുള്ള ട്രാൻസ്‌ഫർ ആയിരിക്കുമിത്. ചെൽസിയുടെ പുതിയ ഉടമയായ ടോഡ് ബോഹ്‍ലിയാണ് ഇതിനു വേണ്ടിയുള്ള നീക്കങ്ങൾ നടത്തുന്നത്.

മധ്യനിരയിലെ ഏതു പൊസിഷനിലും കളിക്കാൻ കഴിയുന്ന താരമാണ് എൻസോ ഫെർണാണ്ടസ്. അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണിയുടെ വിശ്വസ്‌തനായ താരമായ ലിയാൻഡ്രോ പരഡെസിനെ പകരക്കാരനാക്കി മാറ്റിയാണ് ഇരുപത്തിയൊന്നുകാരനായ എൻസോ ഫെർണാണ്ടസ് അർജന്റീന മധ്യനിരയിലെ പ്രധാനിയായി മാറിയത്. അർജന്റീന മധ്യനിരയുടെ ഭാവി തന്റെ കൈകളിൽ ഭദ്രമാണെന്ന് താരം ലോകകപ്പ് പോലൊരു വലിയ വേദിയിൽ തെളിയിച്ചു. ഇരുപത്തിയൊന്നുകാരനായ താരത്തിന് ഇനിയും മെച്ചപ്പെടാൻ അവസരമുണ്ടെന്നിരിക്കെ താരത്തെ വാങ്ങുന്നത് ഏതു ക്ലബിനും മുതൽക്കൂട്ടാണ്.

അതേസമയം തന്റെ ഭാവിയെക്കുറിച്ച് യാതൊരു തീരുമാനവും ഇതുവരെ എൻസോ ഫെർണാണ്ടസ് എടുത്തിട്ടില്ല. ഈ നാല് ക്ലബുകളിൽ ഏതിലേക്ക് വേണമെങ്കിലും ചേക്കേറാൻ കഴിയുന്ന താരം ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബെൻഫിക്ക വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പിഎസ്‌ജിയെ മറികടന്ന് ഒന്നാമതെത്താൻ സഹായിച്ച താരത്തിന്റെ അഭാവം മികച്ച ഫോമിൽ കളിക്കുന്ന ബെൻഫിക്കക്ക് തിരിച്ചടി നൽകുമെന്നതിൽ യാതൊരു സംശയവുമില്ല.

chelsea to offer club record fee for argentina player enzo fernandez