മെസിയുടെ കരാർ പുതുക്കുന്നതിൽ എംബാപ്പെക്ക് അതൃപ്‌തി, താരം ക്ലബ് വിടാനൊരുങ്ങുന്നു | Kylian Mbappe

കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിടുമെന്ന് ഏവരും ഉറപ്പിച്ച താരമാണ് കിലിയൻ എംബാപ്പെ. കരാർ അവസാനിച്ച താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് ഏവരും കരുതിയിരുന്നത്. റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള തന്റെ ആഗ്രഹം പല തവണ വെളിപ്പെടുത്തിയിട്ടുള്ള താരത്തെ സ്വീകരിക്കാൻ ക്ലബ് ഒരുങ്ങിയെങ്കിലും അപ്രതീക്ഷിതമായ ട്വിസ്റ്റ് അതിൽ സംഭവിച്ചു. പിഎസ്‌ജിയുമായി എംബാപ്പെ എംബാപ്പെ വമ്പൻ തുക പ്രതിഫലം വാങ്ങി പുതിയ കരാറിൽ ഒപ്പുവെച്ചു. ആ തീരുമാനം റയൽ മാഡ്രിഡ് ആരാധകരുടെ രോഷത്തിനു കാരണമാവുകയും ചെയ്‌തിരുന്നു.

പിഎസ്‌ജിയിൽ 2025 വരെ തുടരാൻ വേണ്ടി എംബാപ്പെ കരാർ ഒപ്പുവെച്ചിട്ട് ആറു മാസം കഴിഞ്ഞപ്പോഴേക്കും താരം ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021ൽ പിഎസ്‌ജിയിലെത്തിയ ലയണൽ മെസിയുടെ കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെ ക്ലബ് നേതൃത്വം താരത്തിന് പുതിയ കരാർ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. ഈ തീരുമാനമാണ് എംബാപ്പയെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നതെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ മുണ്ടോ ഡീപോർറ്റീവോ വെളിപ്പെടുത്തുന്നത്. വരുന്ന സമ്മറിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ശ്രമമാണ് താരം നടത്തുക.

ഖത്തർ ലോകകപ്പിൽ ലയണൽ മെസി കിരീടം ചൂടിയതോടെ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ അർജന്റീന താരത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച താരമാരാണെന്ന കാര്യത്തിൽ ഇനി സംശയമൊന്നുമില്ലെന്ന് ഏവരും ഒരുപോലെ അഭിപ്രായപ്പെടുന്നു. ലയണൽ മെസി പിഎസ്‌ജിയിൽ തുടർന്നാൽ ക്ലബിന്റെ മുഖമായി അറിയപ്പെടാൻ പോകുന്നത് അർജന്റീന നായകൻ തന്നെയാകുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ല. ഇതാണ് ക്ലബ് വിടാനുള്ള എംബാപ്പയുടെ തീരുമാനത്തിനു പിന്നിലെ പ്രധാന കാരണം. കളിക്കുന്ന ക്ലബിന്റെ മുഖമായി താൻ മാറണമെന്നതാണ് എംബാപ്പെ ആഗ്രഹിക്കുന്നത്. ഇതിനു പുറമെ ലോകകപ്പിനു ശേഷം എമിലിയാനോ മാർട്ടിനസ് തന്നെ കളിയാക്കിയതിൽ മെസി ഇടപെട്ടില്ലെന്ന അസ്വാരസ്യവും താരത്തിനുണ്ട്.

ഖത്തർ ലോകകപ്പിൽ എംബാപ്പെ ഉൾപ്പെടുന്ന ഫ്രാൻസിനെ കീഴടക്കിയാണ് ലയണൽ മെസിയുടെ അർജന്റീന കിരീടം ചൂടിയത്. ഫൈനലിൽ ഫ്രഞ്ച് താരം ഹാട്രിക്ക് നേടിയെങ്കിലും അതിനൊന്നും അർജന്റീനയുടെ വിജയത്തെ തടുക്കാൻ കഴിഞ്ഞില്ല. എട്ടു ഗോളുകൾ നേടി എംബാപ്പെ ടൂർണമെന്റിലെ ഗോൾഡൻബൂട്ട് നേടിയപ്പോൾ ലയണൽ മെസി ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയിരുന്നു. ലോകകപ്പ് വിജയത്തോടെ അടുത്ത വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരവും ലയണൽ മെസി തന്നെ നേടാനാണ് സാധ്യത.

ഇരുപത്തിനാല് വയസ് മാത്രമുള്ള എംബാപ്പെക്ക് ഇനിയും കരിയർ ബാക്കിയുണ്ടെന്നും ലയണൽ മെസി സ്ഥാപിച്ച നിരവധി റെക്കോർഡുകൾ താരം തകർക്കുമെന്നതിലും യാതൊരു സംശയവുമില്ല. എന്നാൽ എംബാപ്പയുടെ പ്രായത്തിൽ ലയണൽ മെസി മൂന്നു ബാലൺ ഡി ഓറും മൂന്നു ചാമ്പ്യൻസ് ലീഗും നേടിയിട്ടുണ്ടെന്ന കാര്യം വിസ്‌മരിക്കാൻ കഴിയില്ല. ഇതിലുപരിയായ കടുത്ത റൊണാൾഡോ ആരാധകൻ കൂടിയാണ് എംബാപ്പെ. തന്റെ സഹതാരമെന്ന നിലയിൽ ലയണൽ മെസിയെ പ്രശംസിക്കുമ്പോഴും താരത്തിന്റെ ഉള്ളിൽ ഈഗോയുടെ ഒരു അംശം പലപ്പോഴും കാണാൻ കഴിയാറുണ്ട്.

mbappe not happy with messi contract extension wants to leave psg