മെസിക്ക് ഏറ്റവും വലിയ ആദരവ് നൽകാൻ അർജന്റീന ഒരുങ്ങുന്നു, പക്ഷെ ഫിഫയുടെ നിലപാട് തടസമായേക്കും | Messi

ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് താനെന്ന് ലയണൽ മെസി എല്ലാ രീതിയിലും തെളിയിച്ചത് ഇക്കഴിഞ്ഞ ലോകകപ്പിലായിരുന്നു. അർജന്റീനയെ മുന്നിൽ നിന്നു നയിച്ച് ടൂർണമെന്റിലെ ഏറ്റവും മികച്ച താരമെന്ന പുരസ്‌കാരം സ്വന്തമാക്കി ലയണൽ മെസി ലോകകിരീടം സ്വന്തമാക്കിയപ്പോൾ ആരാധകർക്കത് മൂന്നു പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ച നിമിഷം കൂടിയായിരുന്നു.

അർജന്റീന ആരാധകരിൽ നിന്നും ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും സാധ്യമായ മൂന്നു കിരീടങ്ങളും നേടിയതോടെ ഇപ്പോൾ അവർക്ക് ദൈവതുല്യനാണ് ലയണൽ മെസി. അതുകൊണ്ടു തന്നെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ലയണൽ മെസിക്ക് നൽകാവുന്നതിൽ ഏറ്റവും വലിയ ആദരവ് നൽകാനുള്ള തയ്യാറെടുപ്പിലാണെന്ന് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസി ദേശീയ ടീമിൽ നിന്നും വിരമിച്ചാൽ അദ്ദേഹത്തിന്റെ പത്താം നമ്പർ ജേഴ്‌സി സ്ഥിരമായി റിട്ടയർ ചെയ്യാനാണ് അർജന്റീന ഒരുങ്ങുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ ക്ലൗഡിയോ ടാപ്പിയ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെസിക്ക് സാധ്യമായ ഏറ്റവും വലിയ ബഹുമതി ഇതിലൂടെ നൽകുകയെന്നതാണ് അർജന്റീന ഉദ്ദേശിക്കുന്നത്.

എന്നാൽ മെസിക്ക് ഇത്തരമൊരു ബഹുമതി നൽകുന്നതിന് ഫിഫ തടസം നിൽക്കാനുള്ള സാധ്യതയുണ്ട്. ഫിഫയുടെ അനുമതിയോടെ മാത്രമേ ജേഴ്‌സി റിട്ടയർ ചെയ്യാൻ കഴിയൂ. എന്നാൽ വളർന്നു വരുന്ന തലമുറയിൽ മികച്ച താരങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പുള്ളതിനാൽ ജേഴ്‌സി റിട്ടയർ ചെയ്യാൻ ഫിഫ സമ്മതിക്കാൻ സാധ്യതയില്ല. മുൻപ് പെലെ, മറഡോണ എന്നിവരുടെ ജേഴ്‌സി ഇത്തരത്തിൽ റിട്ടയർ ചെയ്യാൻ ഫിഫ സമ്മതിച്ചിരുന്നില്ല.

ലയണൽ മെസിയെപ്പോലൊരു താരം അർഹിക്കുന്ന ആദരവ് തന്നെയാണ് ജേഴ്‌സി റിട്ടയർ ചെയ്യുന്നതിലൂടെ നൽകുന്നതെങ്കിലും അർജന്റീന ആരാധകർ അതിനു മുഴുവനായും അനുകൂലമാക്കാൻ സാധ്യതയില്ല. ലയണൽ മെസിയുടെ പിൻഗാമിയെന്ന് അറിയപ്പെടുന്ന എച്ചെവരിയെപ്പോലെയുള്ള താരങ്ങൾ ഉയർന്നു വരുന്ന ഈ സാഹചര്യത്തിൽ വിഖ്യാതമായ നമ്പർ ടീമിൽ നിലനിൽക്കണമെന്ന് തന്നെയാകും ഭൂരിഭാഗവും ആഗ്രഹിക്കുക.

Argentina To Retire Jersey Number 10 After Lionel Messi