നാഷണൽ ക്ലബുകളെന്നു പറയുന്നവർക്ക് സ്വപ്‌നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത കാര്യം, ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ മുഖമാകുന്നു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നതിനു മുന്നോടിയായി 2014ൽ മാത്രം രൂപീകൃതമായ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സച്ചിന്റെ ഉടമസ്ഥതയിൽ ആയിരുന്നതും കേരളത്തിൽ ഫുട്ബോളിന് വളരെയധികം വേരോട്ടം ഉണ്ടായിരുന്നതും കാരണം വളരെയധികം ആരാധകപിന്തുണ തുടക്കം കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുകയുണ്ടായി. സച്ചിൻ പോയെങ്കിലും അന്നു മുതലിന്നു വരെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്ത് വർധിച്ചു വന്നിട്ടേയുള്ളൂ.

ഓരോ സീസണിലും കൂടുതൽ ശക്തരായി വരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇന്ത്യൻ ഫുട്ബോളിന്റെ തന്നെ മുഖമായി വരുന്നതാണ് ഇപ്പോൾ കാണുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യൻ കപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ടി ഖത്തറിൽ എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കൂട്ടായ്‌മയായ മഞ്ഞപ്പടയുടെ ഖത്തർ വിങ് അവർക്ക് ഗംഭീരമായ സ്വീകരണമാണ് നൽകിയത്.

ഇന്ത്യൻ ഫുട്ബോൾ ടീം താരങ്ങൾ വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന നിരവധി ആരാധകർ അഭിവാദ്യം പറഞ്ഞുകൊണ്ട് മുദ്രാവാക്യം വിളിക്കുകയുണ്ടായി. അതിനു പുറമെ മഞ്ഞപ്പടയുടെ ട്രേഡ്‌മാർക്ക് വൈക്കിങ് ക്ലാപ്പും അവർ പുറത്തെടുത്തു. ടീം ബസിൽ താരങ്ങൾ എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്ക് പോകുന്നത് വരെ ആരാധകർ അവർക്ക് അഭിവാദ്യം നൽകിയിരുന്നു.

ക്ലബിന് മാത്രം പിന്തുണ നൽകുന്നതിൽ ഉപരിയായി ഇന്ത്യൻ ഫുട്ബോൾ ടീം മറ്റു രാജ്യങ്ങളിൽ കളിക്കാൻ പോകുമ്പോൾ ഏറ്റവും മികച്ച അന്തരീക്ഷം അവിടെ ഒരുക്കാൻ മഞ്ഞപ്പട ശ്രമിക്കുന്നുണ്ട്. അടുത്തിടെ ലോകകപ്പ് യോഗ്യത മത്സരം കുവൈറ്റിൽ വെച്ച് നടന്നപ്പോൾ ഇന്ത്യ കളിച്ചത് സ്വന്തം മൈതാനത്തെന്ന പോലെയാണ്. അത്രയും നല്ല രീതിയിൽ പിന്തുണ സംഘടിപ്പിക്കാൻ മഞ്ഞപ്പടയ്ക്ക് കഴിയുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിനേക്കാൾ വലിയ ചരിത്രവും മറ്റും അവകാശപ്പെടാൻ കഴിയുന്ന, ഒരുപാട് കിരീടനേട്ടങ്ങളുടെ കണക്കു പറയുന്ന നിരവധി ക്ലബുകൾ ഇന്ത്യയിലുണ്ട്. എന്നാൽ അവർക്കൊന്നും ഇത്തരത്തിലൊരു പിന്തുണ ഇന്ത്യൻ ഫുട്ബോൾ ടീമിന് നൽകുന്നത് സ്വപ്‌നം കാണാൻ പോലും കഴിയാത്ത കാര്യമാണ്. അതുകൊണ്ടു തന്നെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഫൻബേസായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാറുന്നതും.

Kerala Blasters Fans Are The New Face Of Indian Football