ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചു, ആദ്യദിവസം തന്നെ ലൂണയുടെ പകരക്കാരന്റെ കാര്യത്തിൽ നിർണായക അപ്‌ഡേറ്റ് | Kerala Blasters

ഐഎസ്എൽ ഉൾപ്പെടെയുള്ള ലീഗുകളിലെ ക്ലബുകൾക്ക് നിലവിൽ മോശം പ്രകടനം നടത്തുന്ന താരങ്ങളെ ഒഴിവാക്കാനും പുതിയ താരങ്ങളെ വാങ്ങി സീസണിലെ കിരീടപ്രതീക്ഷകൾ സജീവമാക്കി നിലനിർത്താനും വഴിയൊരുക്കി ജനുവരി ട്രാൻസ്‌ഫർ ജാലകം തുറന്നു. ജനുവരി മാസം മുഴുവൻ നീണ്ടു നിൽക്കുന്ന ഈ ജാലകത്തിൽ പുതിയ താരങ്ങളെ സ്വന്തമാക്കാനും പല ക്ലബുകളും നേരത്തെ തന്നെ പദ്ധതിയിട്ടിട്ടുണ്ട്.

അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആദ്യത്തെ ദിവസം തന്നെ നിർണായകമായൊരു അപ്‌ഡേറ്റ് ലഭിച്ചത് ടീമിന്റെ നായകനായിരുന്ന അഡ്രിയാൻ ലൂണയുടെ പകരക്കാരന്റെ കാര്യത്തിലാണ്. പരിക്കേറ്റു പുറത്തിരിക്കുന്ന താരത്തിന്റെ സ്ഥാനത്തേക്ക് പുതിയൊരു കളിക്കാരനെ കൊണ്ടുവരാൻ പദ്ധതിയുണ്ടെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞിരുന്നു.

ലൂണക്ക് പകരം ടീമിലേക്കെത്തുമെന്ന് പ്രതീക്ഷിച്ച താരങ്ങളിലൊന്ന് സ്‌പാനിഷ്‌ സ്‌ട്രൈക്കർ അൽവാരോ വാസ്‌ക്വസ് ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ വന്നത് ഈ അഭ്യൂഹങ്ങൾക്ക് നിറം പകർന്നു. അതിനു പിന്നാലെ കളിച്ചു കൊണ്ടിരുന്ന സ്‌പാനിഷ്‌ ക്ലബുമായുള്ള കരാർ അൽവാരോ വാസ്‌ക്വസ് ഉപേക്ഷിക്കുകയും ചെയ്‌തിരുന്നു.

എന്നാൽ വാസ്‌ക്വസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെന്നാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു ക്ലബിലേക്കും താരം ചേക്കേറാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ നാടായ സ്പെയിനിൽ തന്നെ തുടരാനാണ് വാസ്‌ക്വസ് ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലൂണക്ക് പകരക്കാരനാവാൻ കഴിയുന്ന താരമല്ല വാസ്‌ക്വസ്. എന്നാൽ ലൂണയുടെ അഭാവത്തിലും ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡ് മികച്ച പ്രകടനം നടത്തുന്നതിനാൽ മുന്നേറ്റനിരയെ ശക്തമാക്കാൻ താരത്തിന്റെ തിരിച്ചുവരവ് ആരാധകർ ആഗ്രഹിക്കുന്നു. അത് നടക്കാനുള്ള സാധ്യത മങ്ങിയതോടെ ആരെയാകും കേരള ബ്ലാസ്റ്റേഴ്‌സ് ഇനി സ്വന്തമാക്കുകയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Alvaro Vazquez To Kerala Blasters As Adrian Luna Replacement Is Unlikely