അൽവാരോ വാസ്‌ക്വസിനു ഐഎസ്എല്ലിൽ നിന്നും ഓഫർ സ്ഥിരീകരിച്ചു, ഭാര്യ നൽകിയ സൂചനയുടെ അർത്ഥമെന്താണ് | Alvaro Vazquez

കേരള ബ്ലാസ്റ്റേഴ്‌സിനും എഫ്‌സി ഗോവക്കും വേണ്ടി കളിച്ചിട്ടുള്ള സ്‌പാനിഷ്‌ സ്‌ട്രൈക്കർ അൽവാരോ വാസ്‌ക്വസ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾ കുറച്ചു ദിവസങ്ങളായി ശക്തമാണ്. കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ഗോവ വിട്ട് സ്പൈനിലേക്ക് മടങ്ങിയ താരം കളിച്ചു കൊണ്ടിരുന്ന സ്‌പാനിഷ്‌ ക്ലബുമായുള്ള കരാർ റദ്ദാക്കിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.

അതിനിടയിൽ ഐഎസ്എല്ലിൽ നിന്നും അൽവാരോ വാസ്‌ക്വസിനു വേണ്ടി ഒരു ക്ലബ് ഓഫർ നൽകിയെന്ന വാർത്ത പുറത്തു വന്നിട്ടുണ്ട്. ഏതു ക്ലബാണ് താരത്തിനായി രംഗത്തു വന്നിരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ഈ സീസൺ അവസാനിക്കുന്നത് വരെ മാത്രമാണ് ഓഫർ നൽകിയിരിക്കുന്നത്. സീസണിന്റെ പകുതി കളിക്കാൻ വേണ്ടി മാത്രം ഇന്ത്യയിലേക്ക് വരാണോയെന്ന കാര്യത്തിൽ താരം തീരുമാനം എടുത്തിട്ടില്ല.

അതിനിടയിൽ അൽവാരോ വാസ്‌ക്വസിന്റെ ഭാര്യയായ പാലൊ ഗാഗോ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിനിട്ട കമന്റ് ശ്രദ്ധേയമാകുന്നുണ്ട്. ന്യൂ ഇയർ പോസ്റ്റിനു കീഴിൽ ഏറ്റവും മികച്ചത് ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന് കമന്റ് ചെയ്‌ത ഭാര്യ അതിനൊപ്പം ഒരു മഞ്ഞ ലവ് ഇമോജിയും ഇട്ടിട്ടുണ്ട്. ആ മഞ്ഞ ഇമോജി കേരള ബ്ലാസ്‌റ്റേഴ്‌സിനെ സൂചിപ്പിക്കുന്നതാണോ എന്നാണു ആരാധകർ അതിനടിയിൽ ചോദിക്കുന്നത്.

അതേസമയം സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം അൽവാരോ വാസ്‌ക്വസ് ഇന്ത്യയിലേക്ക് വരാനുള്ള സാധ്യത കുറവാണ്. അടുത്തിടെയാണ് ഭാര്യ പ്രസവിച്ചത് എന്നതിനാൽ തന്നെ താരം തന്റെ നാടായ സ്പെയിനിൽ തുടരാനാണ് ഇഷ്‌ടപ്പെടുന്നത്. സ്പെയിനിലെ തന്നെ ക്ലബുകളെയാണ് താരം പരിഗണിക്കുന്നതെന്ന് അവിടെ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം വാസ്‌ക്വസ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്താനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനും കഴിയില്ല. ഇവാൻ വുകോമനോവിച്ചുമായി നല്ല ബന്ധമുള്ള താരമാണ് അൽവാരോ വാസ്‌ക്വസ്. ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരുന്ന ഒരു താരത്തെയാണ് വേണ്ടതെന്ന് ഇവാൻ പറഞ്ഞിരുന്നു. എന്തായാലും അവസാനത്തെ തീരുമാനം താരത്തിന്റേത് തന്നെയായിരിക്കും.

Alvaro Vazquez Has Been Contacted By An ISL Club