മെസിയുടെ വിളി വന്നിട്ടും ഇന്റർ മിയാമിയി ട്രാൻസ്‌ഫർ വേണ്ടെന്നു വെച്ചു, റിക്വൽമിക്ക് ഉറപ്പു നൽകി അർജന്റീന താരം | Marcos Rojo

പുതിയ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി ഐ ടീമിനെ ശക്തിപ്പെടുത്താൻ ലൂയിസ് സുവാരസിനെ ഇന്റർ മിയാമി സ്വന്തമാക്കിയിരുന്നു. ബ്രസീലിയൻ ക്ലബായ ഗ്രമിയോയിൽ കളിച്ചിരുന്ന താരം കരാർ അവസാനിച്ചതോടെ മെസിക്കൊപ്പം ചേരുകയായിരുന്നു. അതിനു പുറമെ മറ്റു ചില താരങ്ങളെ സ്വന്തമാക്കാനും ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ് ശ്രമം നടത്തുന്നുണ്ട്.

കുറച്ചു ദിവസങ്ങളായി ഉണ്ടായിരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിയാമിയുടെ പ്രധാന ലക്‌ഷ്യം അർജന്റീന സെന്റർ ബാക്കായ മാർക്കോസ് റോഹോയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ള റോഹോ നിലവിൽ അർജന്റൈൻ ക്ലബായ ബൊക്ക ജൂനിയേഴ്‌സിലാണ് ഇപ്പോഴുള്ളത്. ലയണൽ മെസിയും ഇന്റർ മിയാമി പരിശീലകൻ ടാറ്റ മാർട്ടിനോയും താരത്തെ ടീമിലെത്തിക്കാൻ നേരിട്ട് വിളിച്ചിരുന്നു.

എന്നാൽ മാർക്കോസ് റോഹോ ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള ഓഫർ തള്ളിക്കളഞ്ഞെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ബൊക്ക ജൂനിയേഴ്‌സിന്റെ പ്രസിഡന്റും അർജന്റീന ആരാധകരുടെ പ്രിയപ്പെട്ട താരവുമായ യുവാൻ റോമൻ റിക്വൽമിയോട് താൻ ബൊക്ക ജൂനിയേഴ്‌സിൽ തന്നെ തുടരുമെന്ന ഉറപ്പ് താരം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മാർക്കോസ് റോഹോ ഇന്റർ മിയാമിയുടെ ഓഫർ മാത്രമല്ല തള്ളിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ബ്രസീലിയൻ ക്ലബായ പാൽമിറാസിലേക്ക് ചേക്കേറാനുള്ള ഓഫറും റോഹോ വേണ്ടെന്നു വെച്ചിട്ടുണ്ട്. 2025 വരെ ക്ലബുമായി കരാറുള്ള താരം അത് പൂർത്തിയാകുന്നത് വരെ ബൊക്ക ജൂനിയേഴ്‌സിൽ തുടരാനാണ് തീരുമാനം എടുത്തതെന്നും മാർക്കയുടെ റിപ്പോർട്ട് പറയുന്നു.

ഇന്റർ മിയാമിയെ സംബന്ധിച്ച് മുപ്പത്തിമൂന്നുകാരനായ മാർക്കോസ് റോഹോ ഓഫർ വേണ്ടെന്നു വെച്ചത് കനത്ത തിരിച്ചടിയാണ്. നിരവധി വമ്പൻ താരങ്ങളുണ്ടെങ്കിലും കഴിഞ്ഞ സീസണിൽ പ്രതിരോധത്തിലെ പോരായ്‌മകൾ ടീമിന് വലിയ രീതിയിൽ തിരിച്ചടി നൽകിയിരുന്നു. അത് പരിഹരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെയാണ് പ്രധാന ട്രാൻസ്‌ഫർ ലക്‌ഷ്യം തന്നെ അവരെ തഴഞ്ഞത്.

Marcos Rojo Reject Inter Miami Move