ഞങ്ങളുടെ ക്ലബ്ബിലേക്ക് വരൂ, ലയണൽ മെസിയെ ക്ഷണിച്ച് അർജന്റീന താരങ്ങൾ | Lionel Messi

ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കാനിരിക്കുന്ന ലയണൽ മെസി ഏതു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. കരാർ പുതുക്കാൻ പിഎസ്‌ജി ഓഫർ നൽകിയെങ്കിലും അത് സ്വീകരിക്കാൻ മെസി തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ ഫ്രീ ഏജന്റായി മാറുന്ന താരത്തെ ലക്‌ഷ്യം വെച്ച് നിരവധി ക്ലബുകൾ രംഗത്തുണ്ട്. എന്നാൽ തന്റെ മുൻ ക്ലബായ ബാഴ്‌സലോണയുടെ ഓഫറും കാത്തിരിക്കുകയാണ് അർജന്റീന താരം.

അതിനിടയിൽ അർജന്റീനയിൽ ലയണൽ മെസിയുടെ സഹതാരങ്ങളായ രണ്ടു പേർ താരത്തെ തങ്ങളുടെ ക്ലബ്ബിലേക്ക് വരാൻ പറഞ്ഞ് ക്ഷണിച്ചിട്ടുണ്ട്. അതൊരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യമാണെങ്കിലും ലയണൽ മെസി തങ്ങളുടെ കൂടെ ക്ലബിനൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ഈ താരങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നത് സത്യമാണ്. സ്‌പാനിഷ്‌ ക്ലബായ റയൽ ബെറ്റിസിൽ കളിക്കുന്ന ജർമൻ പെസല്ല, ഗുയ്‌ഡോ റോഡ്രിഗസ് എന്നിവരാണ് മെസിയെ ക്ഷണിച്ചത്.

“ബെറ്റിസിലുള്ള ഞങ്ങൾ മെസിക്ക് മുന്നിൽ വാതിലുകൾ തുറന്നിടുകയാണ്. അതു കൊണ്ട് ഞങ്ങൾക്കൊരു കുഴപ്പവുമില്ല. മെസിക്ക് വരാൻ താൽപര്യമുണ്ടെങ്കിൽ ഞങ്ങൾ താരത്തെ തീർച്ചയായും സ്വന്തമാക്കും.” ലയണൽ മെസിക്കൊപ്പം ഖത്തറിൽ ലോകകപ്പ് കിരീടമുയർത്തിയ താരങ്ങൾ കഴിഞ്ഞ ദിവസം സ്‌പാനിഷ്‌ മാധ്യമമായ മുണ്ടോ ഡീപോർറ്റീവോയോട് സംസാരിക്കുമ്പോൾ പറഞ്ഞു. നിലവിൽ ലീഗിൽ ആറാം സ്ഥാനത്താണ് പെല്ലെഗ്രിനി പരിശീലകനായ ബെറ്റിസ്‌ നിൽക്കുന്നത്.

റയൽ ബെറ്റിസിലേക്ക് മെസി ചേക്കേറില്ലെങ്കിലും അടുത്ത സീസണിൽ താരം സ്പെയിനിൽ തന്നെയാവും കളിക്കുകയെന്നാണ് സൂചനകൾ. റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയെ സ്വന്തമാക്കാൻ ബാഴ്‌സലോണ മുന്നോട്ടു വെച്ച പദ്ധതികൾ ലാ ലിഗ അംഗീകരിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച അതിൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ ;ലയണൽ മെസിക്ക് വേണ്ടിയുള്ള ഔദ്യോഗിക ഓഫർ ബാഴ്‌സലോണ നൽകുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

Argentine Duo Open Door For Lionel Messi To Join Real Betis