ക്രിസ്റ്റ്യാനോ റൊണാൾഡോ എഫക്റ്റ്, തകർപ്പൻ അക്രോബാറ്റിക് കിക്ക് ഗോളുമായി കസമീറോ | Casemiro

റയൽ മാഡ്രിഡിനൊപ്പം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയതിനു ശേഷം കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാനുള്ള ബ്രസീലിയൻ താരം കാസമീറോയുടെ തീരുമാനം നെറ്റി ചുളിച്ചാണ് പലരും സ്വീകരിച്ചത്. റയൽ മാഡ്രിഡിൽ മിന്നിത്തിളങ്ങി ടീമിലെ ഏറ്റവും പ്രധാന താരമായി നിൽക്കുമ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലുമില്ലാത്ത ഒരു ക്ലബ്ബിലേക്ക് ചേക്കേറണമായിരുന്നോ എന്ന ചോദ്യം പലപ്പോഴും താരം നേരിട്ടു.

റയൽ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തന്റെ ട്രാൻസ്‌ഫർ വെറും പണത്തിനു വേണ്ടി മാത്രമുള്ളതല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബ്രസീലിയൻ താരം പിന്നീട് നടത്തിയത്. വെറുതെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതല്ല, പടിപടിയായി മികവിലേക്ക് ഉയർന്നു വരാനുള്ള ഒരു പ്രൊജക്റ്റിന്റെ ഭാഗമാണ് താനെന്ന് തെളിയിച്ച താരം റയൽ മാഡ്രിഡിൽ ഉള്ളതിൽ നിന്നും വ്യത്യസ്‌തമായി ഗോളുകളും നേടാൻ ആരംഭിച്ചിട്ടുണ്ട്.

ബോൺമൗത്തിനെതിരെ നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിലും തന്റെ ഗോളടി മികവ് കസമീറോ തെളിയിക്കുകയുണ്ടായി. എട്ടാം മിനുട്ടിൽ താരം തകർപ്പനൊരു അക്രോബാറ്റിക് ഗോൾ നേടി മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എറിക്‌സൺ ഉയർത്തി നൽകിയ പന്ത് ബോൺമൗത്ത്‌ താരങ്ങൾ ക്ലിയർ ചെയ്‌തെങ്കിലും അത് തന്റെ നേർക്കാണെന്നു മനസിലാക്കിയ ബ്രസീലിയൻ താരം ഉയർന്നു ചാടി അക്രോബാറ്റിക് കിക്കിലൂടെ അത് വലയിലാക്കി.

ഈ സീസണിൽ പ്രീമിയർ ലീഗിൽ താരം നേടുന്ന മൂന്നാമത്തെ പ്രീമിയർ ലീഗ് ഗോളാണ് ബോൺമൗത്തിനെതിരെ പിറന്നത്. ഇതിനു പുറമെ മൂന്നു ഗോളുകൾ മറ്റു ടൂർണമെന്റുകളിലും താരം നേടിയിട്ടുണ്ട്. അതിനു പുറമെ നിരവധി വർഷങ്ങളായി കിരീടങ്ങൾ നേടിയിട്ടില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ കറബാവോ കപ്പ് നേടിക്കൊടുക്കാൻ താരത്തിന് കഴിഞ്ഞു. ഇനി എഫ്എ കപ്പ് കിരീടം കൂടി നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫൈനലിൽ എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ്.

Casemiro Scored Acrobatic Goal Against Bournemouth