തിരിച്ചു വരുന്നത് ലയണൽ മെസിയാണ്, വേണ്ടെന്നു വെക്കാൻ ലാ ലിഗക്ക് കഴിയില്ല | Lionel Messi

ലയണൽ മെസിയുടെ തിരിച്ചുവരവാണ് ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. പിഎസ്‌ജി കരാർ ഈ സീസണോടെ അവസാനിക്കുന്ന താരം ഫ്രാൻസിൽ ഇനി തുടരുന്നില്ലെന്ന തീരുമാനം എടുത്തു കഴിഞ്ഞു. മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് ലയണൽ മെസി ആഗ്രഹിക്കുന്നത്. ബാഴ്‌സയും താരത്തിനായി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ കാരണം ലാ ലീഗയുടെ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ മെസിക്കു വേണ്ടി ഓഫർ നൽകാൻ അവർക്ക് കഴിയുകയുള്ളൂ.

നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയെ സ്വന്തമാക്കുന്നതിനു വേണ്ടി ബാഴ്‌സലോണ മുന്നോട്ടു വെച്ച പദ്ധതി ലാ ലിഗ അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം തിങ്കളാഴ്‌ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രകാരം ബാഴ്‌സലോണക്ക് താരങ്ങളെ സാധാരണ പോലെ തന്നെ സ്വന്തമാക്കാൻ കഴിയും. ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരുന്നതിനും ലീഗ് പച്ചക്കൊടി കാണിച്ചിട്ടുണ്ട്.

രണ്ടു സീസണുകൾക്ക് മുൻപാണ് ലയണൽ മെസി ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറുന്നത്. കഴിഞ്ഞ സീസണിൽ തിളങ്ങാനായില്ലെങ്കിലും ഈ സീസണിൽ മികച്ച പ്രകടനമാണ് മെസി ക്ലബിനായി നടത്തിയത്. എന്നാൽ ഖത്തർ ലോകകപ്പിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ചതിനാൽ ഫ്രഞ്ച് ആരാധകരിൽ ഒരു വിഭാഗം മെസിക്കെതിരായി. ഇതോടെയാണ് ലയണൽ മെസി ഇനി ഫ്രാൻസിൽ തുടരുന്നില്ലെന്ന് ഉറപ്പിച്ചത്.

ലയണൽ മെസിയെ സ്വന്തമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ബാഴ്‌സക്ക് തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. മെസിയും മറ്റുള്ള ക്ലബുകളുടെ ഓഫർ വേണ്ടെന്നു വെച്ച് ബാഴ്‌സലോണയുടെ ഓഫർ വരുമെന്ന ഉറച്ച പ്രതീക്ഷയോടെ നിൽക്കുകയാണ്. ലാ ലീഗ ബാഴ്‌സലോണയുടെ പദ്ധതി അംഗീകരിച്ചുവെന്ന വാർത്ത ആരാധകർക്കും ആവേശം നൽകുന്നതാണ്. ഇനി ഔദ്യോഗികമായ അറിയിപ്പ് കൂടി ലഭിച്ചാൽ അതിനു പിന്നാലെ തന്നെ മെസിക്ക് ബാഴ്‌സയുടെ ഓഫറും ലഭിക്കും.

La Liga Approved Barcelona Plan To Bring Lionel Messi Back