റൊണാൾഡോയെ സ്വന്തമാക്കാൻ പണമാണ് പ്രശ്‌നമെങ്കിൽ സഹായിക്കാം, ഓഫറുമായി ജർമനിയിലെ അതിസമ്പന്നൻ | Cristiano Ronaldo

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മുപ്പത്തിയെട്ടാം വയസിലും ക്ലബിനായി മികച്ച പ്രകടനം നടത്തുന്ന റൊണാൾഡോ ഇപ്പോൾ കളിക്കുന്നത് സൗദി അറേബ്യൻ ക്ലബായ അൽ നസ്റിന് വേണ്ടിയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു യൂറോപ്പിലെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനാണ് റൊണാൾഡോക്ക് താൽപര്യമുണ്ടായിരുന്നതെങ്കിലും മികച്ച ഓഫറുകൾ ലഭിക്കാത്തതിനെ തുടർന്ന് താരം സൗദിയിൽ എത്തുകയായിരുന്നു.

സൗദിയിൽ മികച്ച പ്രകടനമാണ് റൊണാൾഡോ നടത്തുന്നതെങ്കിലും യൂറോപ്പിലേക്ക് ഒരു തിരിച്ചുവരവ് റൊണാൾഡോ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അൽ നസ്‌റുമായി ഒരു വർഷം കൂടി കരാർ ബാക്കിയുള്ള താരത്തെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബുകൾക്ക് താൽപര്യമുണ്ടെങ്കിൽ പോലും അത് പ്രയാസമുള്ള കാര്യമാണ്. അതിനിടയിൽ ജർമൻ ബിസിനസുകാരനായ മാർക്കസ് ഷോൺ റൊണാൾഡോയെ സ്വന്തമാക്കാനുള്ള സഹായം നൽകാമെന്ന വാഗ്‌ദാനം നൽകിയിട്ടുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന താരമായ റൊണാൾഡോയെ സ്വന്തമാക്കാൻ ട്രാൻസ്‌ഫർ ഫീസായോ ലോൺ ഫീസായോ അടക്കേണ്ട തുകയുടെ കാര്യത്തിലാണ് പ്രശ്‌നമുള്ളതെങ്കിൽ അത് നൽകാൻ തയ്യാറാണെന്ന് അദ്ദേഹം ക്ലബിന്റെ സിഇഒയായ ഒലിവർ ഖാനയച്ച ഇ മെയിലിൽ വ്യക്തമാക്കുന്നു. അതേസമയം താരത്തിന്റെ ട്രാൻസ്‌ഫറിനു സഹായിച്ചു കമ്പനിക്ക് നഷ്‌ടം വരാതിരിക്കാൻ ജേഴ്‌സി വിൽപ്പനയിൽ നിന്നും ഒരു ശതമാനം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലും റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടപ്പോഴും ചേക്കേറുമെന്ന് പ്രതീക്ഷിക്കപ്പെട്ട ടീമായിരുന്നു ബയേൺ മ്യൂണിക്ക്. എന്നാൽ ജർമൻ ക്ലബ് റൊണാൾഡോയെ സ്വന്തമാക്കാൻ താൽപര്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. മാത്രമല്ല, റൊണാൾഡോയെ സ്വന്തമാക്കാനുള്ള ചെൽസിയുടെ നീക്കത്തെ തടഞ്ഞ ടുഷെൽ ഇപ്പോൾ ബയേൺ പരിശീലകനാണ്. അതുകൊണ്ടു തന്നെ ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യതയില്ല.

German Tycoon Likes To Bring Cristiano Ronaldo Back To Europe