മെസിയുമായുള്ള അഭിമുഖത്തിനിടെ കരഞ്ഞ് അർജന്റീനിയൻ ജേർണലിസ്റ്റ്, ആദ്യം ചിരിച്ച് പിന്നീട് സമാധാനിപ്പിച്ച് മെസി
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ലയണൽ മെസി മികവിനൊപ്പം തന്റെ വ്യക്തിത്വം കൊണ്ടു കൂടിയാണ് ഏവരുടെയും ഹൃദയം കീഴടക്കിയതെന്നു പറയാം. മെസിയോട് വൈകാരികമായ അടുപ്പമാണ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക ആരാധകർക്കുമുള്ളത്. ഇപ്പോൾ അത്തരമൊരു കാഴ്ചയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി വൈറലായിക്കൊണ്ടിരിക്കുന്നു. ദിവസങ്ങൾക്കു മുൻപ് ഡയറക്റ്റ്ടിവിക്ക് മെസി നൽകിയ അഭിമുഖത്തിനിടെ അതു നടത്തിയ ഇന്റർവ്യൂവറായ പാബ്ലോ ഗിരാൾട്ട് കരയുന്നതും മെസി അദ്ദേഹത്തെ സമാധാനിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുകയാണ്.
ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസിയുമായി അഭിമുഖം നടത്തുകയെന്നത് അർജന്റീനിയൻ ജേർണലിസ്റ്റായ പാബ്ലോയുടെ ആഗ്രഹമായിരുന്നു. ഇതേക്കുറിച്ച് ജീവിതകാലം മുഴുവൻ താൻ സ്വപ്നം കണ്ടിട്ടുണ്ടെന്നും എന്നാൽ അത് നടപ്പിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അഭിമുഖത്തിന്റെ തുടക്കത്തിൽ അദ്ദേഹം പറയുന്നു. മെസിയോട് തനിക്കുള്ള സ്നേഹം വ്യക്തമാക്കിയ അദ്ദേഹം താരത്തോടെ ഹൃദയത്തിൽ നിന്നും നന്ദി പറഞ്ഞാണ് അഭിമുഖത്തിന്റെ തുടക്കത്തിൽ വികാരാധീനനായി വിതുമ്പിയത്.
തന്നെ അഭിമുഖം ചെയ്യാനെത്തിയ, ആരാധകൻ കൂടിയായ പാബ്ലോ വികാരാധീനനായി വിതുമ്പിയതിനെ തുടർന്ന് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന മെസിയെയാണ് ദൃശ്യങ്ങളിൽ കാണുക. ആദ്യം ചിരിച്ചു കൊണ്ട് അത്തരമൊരു സാഹചര്യത്തെ മറികടക്കാൻ മെസി ശ്രമിച്ചെങ്കിലും പിന്നീട് പാബ്ലോയുടെ ദേഹത്തു തട്ടി സമാധാനിപ്പിക്കുന്ന അർജന്റീനിയൻ താരത്തെയാണ് കാണാൻ കഴിയുക. തന്നെ ഇത്രയധികം ആരാധിക്കുന്ന ഒരാളിലേക്ക് എത്താൻ കഴിഞ്ഞതിലുള്ള നന്ദിയും പിന്നീട് മെസി വ്യക്തമാക്കുകയുണ്ടായി.
.@giraltpablo got emotional interviewing Messi 🥹❤️
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 21, 2022
pic.twitter.com/2JdMvwpRH9
ഖത്തർ ലോകകപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് മെസിയുടെ ഇന്റർവ്യൂ പുറത്തു വന്നിരിക്കുന്നത്. ലോകകപ്പിൽ അർജന്റീനയുടെ സാധ്യതകൾ, ടീമിന്റെ തയ്യാറെടുപ്പുകൾ, ലോകകപ്പിനു ശേഷം അർജന്റീന ടീമിലെ തന്റെ ഭാവി എന്നിവയെക്കുറിച്ചെല്ലാം മെസി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ഇത്തവണ വളരെയധികം ആത്മവിശ്വാസത്തോടെയാണ് ടൂര്ണമെന്റിനായി തയ്യാറെടുക്കുന്നതെന്ന് മെസിയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്.