പ്രീമിയർ ലീഗ് കിരീടത്തിനു വേണ്ടിയുള്ള നെറികെട്ട കളിയോ, ആഴ്സണൽ താരത്തെ മാരകഫൗൾ ചെയ്ത് മാഞ്ചസ്റ്റർ സിറ്റി താരം
യൂറോ കപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്നലെ സ്പെയിനും നോർവെയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സ്പെയിൻ വിജയം നേടി. പരിശീലകനായ ജോസേ ലൂയിസ് ഡി ലാ ഫ്യൂവന്റെക്ക് മികച്ച തുടക്കമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ഡാനി ഓൾമോ സ്പെയിനിനായി ആദ്യത്തെ ഗോൾ നേടിയപ്പോൾ പകരക്കാരനായിറങ്ങി നാല് മിനുട്ടിനുള്ളിൽ തന്നെ രണ്ടു ഗോൾ നേടിയ എസ്പാന്യോൾ താരം ജോസേലുവാണ് സ്പെയിനിന്റെ വിജയം മികച്ചതാക്കിയത്.
അതേസമയം ഇന്നലത്തെ മത്സരത്തിന് ശേഷം ആരാധകർ ചർച്ച ചെയ്യുന്നത് സ്പെയിൻ ടീമിൽ കളിച്ച മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രി നടത്തിയ ഫൗളിനെ പറ്റിയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുന്ന റോഡ്രി നോർവെയുടെ ആഴ്സണൽ താരമായ മാർട്ടിൻ ഒഡേഗാർഡിനെയാണ് ഫൗൾ ചെയ്തത്. പ്രീമിയർ ലീഗിൽ ആഴ്സണൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതിനാൽ ടീമിലെ പ്രധാന താരമായ ഒഡേഗാർഡിനെ മനഃപൂർവം ഫൗൾ ചെയ്തെന്നാണ് ആരാധകർ പറയുന്നത്.
How is this not a penalty on Odegaard?
— Peekaaboo (@_peekaaboo_) March 25, 2023
pic.twitter.com/6yprBtNidL
മത്സരത്തിടെ ഒഡേഗാർഡ് പന്തുമായി ബോക്സിലൂടെ നടത്തിയ മുന്നേറ്റത്തിന് ശേഷം ഷോട്ടുതിർത്തു. ഈ ഷോട്ട് വന്നത് ബ്ലോക്ക് ചെയ്യാൻ ശ്രമിച്ച റോഡ്രി അതിനൊപ്പം തന്നെ താരത്തെ ഫൗൾ ചെയ്യുകയായിരുന്നു. റോഡ്രിയുടെ ഫൗളിൽ ബോക്സിൽ വീണ ഒഡേഗാർഡ് അതൊരു പെനാൽറ്റിയാണെന്നു കരുതിയെങ്കിലും റഫറി അനുവദിക്കാൻ തയ്യാറായില്ല. ഒഡേഗാഡിന്റെ സീസൺ തന്നെ അവസാനിപ്പിക്കാൻ കാരണമായേക്കാവുന്ന ഫൗളാണ് സ്പെയിൻ താരം നടത്തിയത്.
പ്രീമിയർ ലീഗിൽ 28 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 69 പോയിന്റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റർ സിറ്റി എട്ടു പോയിന്റ് പിന്നിൽ നിൽക്കുന്നുണ്ട്. ആഴ്സനലിന്റെ പ്രധാന താരവും ടീം ക്യാപ്റ്റനുമാണ് മാർട്ടിൻ ഒഡേഗാർഡ്. താരത്തിനെ പരിക്കേൽപ്പിച്ചാൽ കിരീടസാധ്യത വർധിക്കുമെന്നതു കൊണ്ട് റോഡ്രി മനഃപൂർവം ചെയ്ത ഫൗളായി തന്നെയാണ് ഇത് വിലയിരുത്തപ്പെടുന്നത്.