മെസിക്ക് നേരെയുള്ള കൂക്കിവിളികൾ ഇനി കൂടുതൽ ശക്തമാകും, ആരാധകരെ പ്രകോപിതരാക്കി അർജന്റീന താരം

ലയണൽ മെസി പിഎസ്‌ജി ജേഴ്‌സിയിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ആരാധകർ താരത്തിനെതിരാണ്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയതിനു പിന്നാലെയാണ് ഫ്രാൻസിലെ ആരാധകർ മെസിക്ക് നേരെ തിരിഞ്ഞത്. പിഎസ്‌ജി നേതൃത്വം ഒരു കൃത്യമായ പദ്ധതിയില്ലാതെ വമ്പൻ താരങ്ങളെ വാങ്ങിക്കൂട്ടി അസന്തുലിതമായ സ്‌ക്വാഡിനെ സൃഷ്‌ടിച്ചതാണ് ടീമിന്റെ മോശം പ്രകടനത്തിന് കാരണമെങ്കിലും അത് മനസിലാക്കാതെ മെസിക്കെതിരെ തിരിയുകയാണ് ആരാധകർ.

മെസിക്കെതിരെ പിഎസ്‌ജി ആരാധകരുടെ രോഷമുണ്ടാവാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ലയണൽ മെസിയുടെ അർജന്റീന ഫൈനലിൽ കീഴടക്കിയത് ഫ്രാൻസിനെയാണെന്നത് ആരാധകർക്ക് താരത്തോട് അപ്രിയമുണ്ടാകാൻ കാരണമായിട്ടുണ്ട്. ഇതിനു പുറമെ എംബാപ്പെ അടക്കമുള്ള ഫ്രഞ്ച് താരങ്ങളെ കളിയാക്കിയപ്പോൾ മെസി തടഞ്ഞില്ലെന്നതും പ്രശ്‌നമാണ്. അതുകൊണ്ട് മെസിക്ക് ലോകകപ്പ് ജയിച്ചതിനു കൃത്യമായൊരു ആദരവ് പിഎസ്‌ജി നൽകിയില്ല.

മെസിക്കെതിരെയുള്ള ആരാധകരോഷം കൂടുതൽ ശക്തമാകാനുള്ള സാധ്യതയാണ് ഇപ്പോൾ കാണുന്നത്. കഴിഞ്ഞ ദിവസം നടന്ന സൗഹൃദമത്സരത്തിനു ശേഷം അർജന്റീന താരങ്ങൾ ബ്രസീലിനെയും ഫ്രാൻസിനെയും കളിയാക്കി പാട്ടു പാടിയിരുന്നു. ഇതിൽ ബ്രസീലിനെ കളിയാക്കിയപ്പോൾ അനങ്ങാതിരുന്ന മെസി അതിനു ശേഷം ഫ്രാൻസിനെ കളിയാക്കിയപ്പോൾ നൃത്തം ചെയ്യുകയാണുണ്ടായത്. ഇത് ആരാധകരിൽ പ്രകോപനം ഉണ്ടാക്കുമെന്ന് തീർച്ചയാണ്.

യോഗ്യത മത്സരങ്ങൾക്ക് ശേഷം മെസി തിരിച്ചു പോകേണ്ടത് ഫ്രാൻസിലേക്ക് തന്നെയാണ്. പിഎസ്‌ജിക്കൊപ്പം ഇനി താരത്തിന് ലീഗ് മത്സരങ്ങൾ കളിക്കാൻ ബാക്കിയുണ്ട്. കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരത്തിൽ മെസിയുടെ പേര് വിളിച്ചപ്പോൾ കൂക്കി വിളിച്ച പിഎസ്‌ജി ആരാധകർ ഇനി മുതൽ അത് കൂടുതൽ ശക്തമാക്കാൻ സാധ്യതയുണ്ട്. എന്തായാലും ആരാധകർ പ്രതിഷേധം ശക്തമാക്കിയാൽ മെസി ക്ലബ് വിടാനുള്ള സാധ്യതയും വർധിക്കും.