അഹങ്കാരത്തോടെ കൊണ്ടു നടന്നിരുന്ന ഒന്നാം സ്ഥാനവും കയ്യിൽ നിന്നുപോയി, ബ്രസീലിനി അർജന്റീനക്ക് പിന്നിൽ

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തു പോയ ബ്രസീൽ ടീമിനെ സംബന്ധിച്ചിടത്തോളം ആരാധകർക്ക് ആശ്വാസം നൽകാനുള്ള ഒരു വഴിയായിരുന്നു ഇന്ന് പുലർച്ചെ നടന്ന മൊറോക്കോയുമായുള്ള മത്സരം. എന്നാൽ അവിടെയും ബ്രസീൽ ടീമിന് തിരിച്ചടിയാണ് സംഭവിച്ചത്. ലോകകപ്പിൽ കാണിച്ച ആത്മവിശ്വാസം അതുപോലെ ബ്രസീലിനെതിരെയും പുറത്തെടുത്ത മൊറോക്കൻ ടീം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടി.

ലോകകപ്പിൽ ബ്രസീൽ നേരത്തെ പുറത്തായെങ്കിലും ആരാധകർക്ക് ആശ്വസിക്കാൻ വകയുണ്ടായിരുന്നത് ഫിഫ റാങ്കിങ്ങിൽ ആയിരുന്നു. അർജന്റീനയാണ് ലോകകപ്പ് നേടിയതെങ്കിലും ഫിഫ റാങ്കിങ്ങിൽ ബ്രസീലാണ് അപ്പോഴും മുന്നിൽ നിന്നിരുന്നത്. എന്നാൽ ഇന്നലെ മൊറോക്കോയുമായി നടന്ന സൗഹൃദമത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവി വഴങ്ങിയതോടെ അർജന്റീനക്ക് മുന്നിൽ ആ സ്ഥാനവും നഷ്‌ടമാകുമെന്ന സാഹചര്യമാണ് ബ്രസീൽ ഇപ്പോൾ നേരിടുന്നത്.

പനാമക്കെതിരായ കഴിഞ്ഞ മത്സരത്തിൽ അർജന്റീന എതിരില്ലാത്ത രണ്ടു ഗോളുകൾ നേടി വിജയം സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ബ്രസീൽ തോൽക്കുകയും ചെയ്‌തു. ബ്രസീലിന്റെ സൗഹൃദമത്സരങ്ങൾ അവസാനിച്ചപ്പോൾ അർജന്റീനക്ക് ഇനി ഒരു മത്സരം കൂടി കളിക്കാൻ ബാക്കിയുണ്ട്. കുറകാവോക്കെതിരെ നടന്ന മത്സരത്തിൽ അർജന്റീന വിജയം നേടിയാൽ പോയിന്റ് നിലയിൽ അർജന്റീന കൂടുതൽ മുന്നിലെത്തും. ഇപ്പോൾ തന്നെ ബ്രസീലിനേക്കാൾ മുന്നിലാണ് അർജന്റീന നിൽക്കുന്നത്.

ഫിഫയുടെ വെബ്‌സൈറ്റിൽ അർജന്റീന മുന്നിലെത്തിയത് പ്രസിദ്ധീകരിച്ചിട്ടില്ല. അവസാനമായി ഫിഫ റാങ്കിങ് അപ്‌ഡേറ്റ് ചെയ്‌തത്‌ ഡിസംബറിലാണെന്നതാണ് ഇതിനു കാരണം. ഫിഫ റാങ്കിങ്ങിലെ അടുത്ത അപ്ഡേറ്റ് ഏപ്രിൽ ഏഴിനാണ് പുറത്തു വരിക. അതോടെ ഫിഫ റാങ്കിങ്ങിലും അർജന്റീന മുന്നിലെത്തും. ബ്രസീലിനെ സംബന്ധിച്ച് ആകെ ആശ്വസിക്കാൻ വകയുണ്ടായിരുന്ന ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും കൈവിട്ടു പോകുമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.