പ്രീമിയർ ലീഗ് കിരീടമുറപ്പിക്കാൻ ആഴ്സണൽ റയൽ മാഡ്രിഡ് താരത്തെ നോട്ടമിടുന്നു
റയൽ മാഡ്രിഡിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് ആഴ്സണലിലേക്ക് ചേക്കേറിയ മധ്യനിര താരമായ മാർട്ടിൻ ഒഡേഗാർഡ് ഇപ്പോൾ ടീമിന്റെ പ്രധാന താരവും നായകനുമാണ്. നോർവീജിയൻ മെസിയെന്ന പേരിൽ അറിയപ്പെട്ടിരുന്ന താരത്തെ വിട്ടുകളഞ്ഞതിൽ റയൽ മാഡ്രിഡ് ആരാധകർക്ക് വലിയ നിരാശയമുണ്ട്. ഇപ്പോൾ ഒഡേഗാർഡിനു പിന്നാലെ മറ്റൊരു റയൽ മാഡ്രിഡ് താരത്തെക്കൂടി ടീമിന്റെ ഭാഗമാക്കാൻ ആഴ്സണൽ ശ്രമിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു മത്സരം കുറച്ചു കളിച്ച ആഴ്സണൽ അഞ്ചു പോയിന്റ് വ്യത്യാസത്തിലാണ് ഇപ്പോൾ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. നിലവിലെ ഫോം തുടർന്നാൽ നിരവധി വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗ് കിരീടം നേടാൻ അവർക്കു കഴിയുമെന്നതിൽ സംശയമില്ല. അതിനു വേണ്ടി ടീമിനെ ശക്തിപ്പെടുത്താനാണ് റയൽ മാഡ്രിഡ് താരത്തെ അവർ നോട്ടമിട്ടിരിക്കുന്നത്.
റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് മധ്യനിര താരമായ എഡ്വാർഡോ കാമവിങ്ങയെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിക്കാനാണ് ആഴ്സണൽ ലക്ഷ്യമിടുന്നത്. സ്ഥിരം കരാറിലല്ല, മറിച്ച് ഈ സീസൺ അവസാനം വരെയുള്ള ലോൺ കരാറിൽ താരത്തെ സ്വന്തമാക്കുകയെന്ന പദ്ധതിയാണ് ആഴ്സണലിനുള്ളത്. റയൽ മാഡ്രിഡിൽ അവസരങ്ങൾ കുറഞ്ഞ താരത്തെ ടീമിലെത്തിക്കുക വഴി കിരീടപ്പോരാട്ടത്തിനു കൂടുതൽ കരുത്തു നേടാൻ കഴിയുമെന്നും അവർ കരുതുന്നു.
Edu… do your thing 🙏 #AFC #Arsenal #Camavinga pic.twitter.com/mASm9NKNdW
— AFTV (@AFTVMedia) January 21, 2023
ഇരുപതു വയസുള്ള കാമവിങ നിലവിൽ റയൽ മാഡ്രിഡിന്റെ ആദ്യ ഇലവനിൽ സ്ഥിരമായി ഇടം പിടിക്കുന്നില്ല. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് പുതിയ സൈനിംഗുകൾ ഒന്നും നടത്തിയില്ലെങ്കിൽ താരത്തെ ആഴ്സണലിന് ലഭിക്കാൻ സാധ്യതയില്ല. എന്നാൽ ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുന്നില്ല എന്നതിനാൽ റയൽ ചിലപ്പോൾ സീസൺ അവസാനം വരെയുള്ള ലോൺ പരിഗണിച്ചേക്കും. എന്തായാലും താരം ആഴ്സണലിൽ എത്തിയാൽ അത് ടീമിന് പുതിയൊരു ഉണർവ് തന്നെയായിരിക്കും.