“വിമർശിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനം”- സൗദിയിൽ തിളങ്ങിയ റൊണാൾഡോയെ പ്രശംസിച്ച് വിരാട് കോഹ്ലി

സൗദി അറേബ്യയിൽ തന്റെ ആദ്യത്തെ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ലയണൽ മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങിയ താരങ്ങൾ അണിനിരന്ന പിഎസ്‌ജി ടീമിനെതിരെയാണ് റിയാദ് ഇലവന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാനിറങ്ങിയത്. മത്സരത്തിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് പിഎസ്‌ജി വിജയം നേടിയെങ്കിലും റൊണാൾഡോ മികച്ചു നിന്നിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ പിൻവലിക്കപ്പെടുന്ന സമയം വരെ റിയാദ് ഇലവന്റെ ആക്രമണങ്ങളെ നയിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. രണ്ടു ഗോളുകളും താരം സ്വന്തമാക്കി. ഒരെണ്ണം പെനാൽറ്റിയിലൂടെ ആയിരുന്നെങ്കിൽ രണ്ടാമത്തെ ഗോൾ റൊണാൾഡോക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. സൗദിയിൽ തന്റെ തുടക്കം മികച്ചതാക്കിയ റൊണാൾഡോ മുപ്പത്തിയെട്ടാം വയസിലും നടത്തുന്ന മികച്ച പ്രകടനത്തെയാണ് വിരാട് കോഹ്ലി പ്രശംസിച്ചത്.

“മുപ്പത്തിയെട്ടാം വയസിലും ഏറ്റവും ഉയർന്ന തലത്തിൽ തന്നെ കളിക്കുന്നു. തങ്ങൾക്ക് ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി എല്ലാ ആഴ്‌ചയും സ്റ്റുഡിയോയിൽ ഇരുന്ന് താരത്തെ വിമർശിക്കുന്ന ഫുട്ബോൾ പണ്ഡിതർ ഒരു ടോപ് ടീമിനെതിരെ നടത്തുന്ന ഇതുപോലത്തെ പ്രകടനം വരുമ്പോൾ മിണ്ടാതിരിക്കുന്നു. റൊണാൾഡോയുടെ കാലം കഴിഞ്ഞെന്നു തന്നെ കരുതാമല്ലേ?” തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ റൊണാൾഡോ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌ത്‌ കോഹ്ലി കുറിച്ചു.

മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സൗദിയിൽ അരങ്ങേറ്റം നടത്തിയെങ്കിലും സൗദി ലീഗിൽ തന്റെ ക്ലബായ അൽ നസ്റിനു വേണ്ടി റൊണാൾഡോ ഇതുവരെ കളിക്കാനിറങ്ങിയിട്ടില്ല. നാളെയാണ് താരത്തിന്റെ ആദ്യത്തെ മത്സരം. തന്റെ ടീമിന് ലീഗ് നേടിക്കൊടുക്കുകയെന്ന ലക്ഷ്യമാണ് റൊണാൾഡോക്കു മുന്നിലുള്ളത്.