ചെൽസിയുടെ അട്ടിമറിനീക്കം പണി കൊടുത്തു, ആഴ്സണലിന്റെ അടുത്ത ലക്ഷ്യം ബാഴ്സലോണ താരം
ആഴ്സണൽ നോട്ടമിട്ട മറ്റൊരു താരത്തെക്കൂടി ചെൽസി അട്ടിമറി നീക്കത്തിലൂടെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചതോടെ പകരക്കാരനായി ബാഴ്സലോണ താരത്തെ ഗണ്ണേഴ്സ് ലക്ഷ്യം വെക്കുന്നു. നേരത്തെ യുക്രൈൻ താരമായ മൈഖയിലോ മുഡ്രിക്കിനെയാണ് ആഴ്സണൽ നോട്ടമിട്ടിരുന്നത്. താരത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ എത്തിയെങ്കിലും ചെൽസി അതിനേക്കാൾ മികച്ച ഓഫർ നൽകി ആഴ്സനലിന്റെ പദ്ധതികളെ തകർക്കുകയായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം 97 മില്യൺ പൗണ്ട് ട്രാൻസ്ഫർ തുകയും ആഴ്സണൽ ഓഫർ ചെയ്തതിനേക്കാൾ ഉയർന്ന പ്രതിഫലവുമാണ് ഷാക്തർ താരത്തിന് ചെൽസി നൽകാൻ തീരുമാനിച്ചത്. ക്രിസ്റ്റൽ പാലസും ചെൽസിയും തമ്മിൽ നടക്കുന്ന മത്സരത്തിനു മുൻപേ മുഡ്രിച്ച് സ്റ്റാഫോം ബ്രിഡ്ജിൽ എത്തുകയും ചെയ്തു. ചെൽസി ഷർട്ടണിഞ്ഞ താരത്തിന്റെ ചിത്രങ്ങൾ പ്രമുഖ ട്രാൻസ്ഫർ എക്സ്പെർട്ട് ഫാബ്രിസിയോ റൊമാനൊ പുറത്തു വിടുകയും ചെയ്തിരുന്നു.
മുഡ്രിച്ചിനെ നഷ്ടമായതോടെ ടീമിനെ ശക്തിപ്പെടുത്താൻ പുതിയ താരങ്ങളെ പരിഗണിക്കുന്ന ആഴ്സണൽ ലക്ഷ്യമിടുന്നവരിൽ ബാഴ്സലോണയുടെ ബ്രസീലിയൻ താരമായ റാഫിന്യയാണ് മുന്നിൽ നിൽക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലീഡ്സിൽ നിന്നും ബാഴ്സയിൽ എത്തിയ റാഫിന്യക്ക് ഇതുവരെയും പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്താൻ കഴിയാത്തതിനാൽ താരത്തെ വിൽക്കാൻ കാറ്റലൻ ക്ലബിനും താല്പര്യമുണ്ട്.
Exclusive:
— Tancredi Palmeri (@tancredipalmeri) January 14, 2023
Arsenal are in contact with Barcelona for Raphinha after losing out on Mudryk.
Exclusive Sportitalia
Here all details:
https://t.co/u0tzVFBuBp
കഴിഞ്ഞ സമ്മറിൽ തന്നെ റാഫിന്യയെ സ്വന്തമാക്കാൻ ആഴ്സണൽ ശ്രമം നടത്തിയിരുന്നു. എന്നാൽ താരം ബാഴ്സലോണയെയാണ് തിരഞ്ഞെടുത്തത്. ഈ സീസണിൽ 18 മത്സരങ്ങളിൽ നിന്നും വെറും രണ്ടു ഗോളുകൾ മാത്രം നേടിയ റാഫിന്യയെ വിൽക്കുമ്പോൾ തങ്ങൾ മുടക്കിയ തുക തന്നെയാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്. എന്നാൽ ബ്രസീലിയൻ താരം അത്ര മികച്ച ഫോമിലല്ലാത്തതിനാൽ ഇത്രയും തുക നൽകാൻ ആഴ്സണൽ തയ്യാറാകുമോ എന്നറിയില്ല.
ആഴ്സനൽ ലക്ഷ്യമിട്ട രണ്ടാമത്തെ താരത്തെയാണ് കൂടുതൽ മികച്ച ഓഫർ നൽകി ചെൽസി ഈ വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയത്. നേരത്തെ അത്ലറ്റികോ മാഡ്രിഡ് താരം ജോവോ ഫെലിക്സിനെ ലോണിൽ ചെൽസി ടീമിലെത്തിച്ചിരുന്നു. അതിനു പിന്നാലെയാണ് യുക്രൈൻ താരത്തിനായുള്ള ആഴ്സനലിന്റെ നീക്കങ്ങളെയും ചെൽസി അട്ടിമറിച്ചത്.