മെസിയെ ഓർമിപ്പിക്കുന്ന ഡ്രിബ്ലിങ്ങും കില്ലർ പാസുകളും, അർജന്റീനിയൻ താരം ബാഴ്‌സലോണയിലേക്ക്

ലയണൽ മെസി ബാഴ്‌സലോണ വിട്ടു പോയതിനു ശേഷം രണ്ടാമത്തെ സീസൺ പൂർത്തിയാവാൻ ഒരുങ്ങുകയാണ്. ഇതുവരെയും താരത്തിന്റെ അസാന്നിധ്യം മറികടക്കാൻ ടീമിന് കഴിഞ്ഞിട്ടില്ല. മെസി ക്ലബ് വിട്ടതിനു ശേഷമുള്ള രണ്ടു സീസണുകളിലും ബാഴ്‌സലോണ യൂറോപ്പ ലീഗിൽ കളിക്കേണ്ടി വന്നത് ഇതിന്റെ ഉദാഹരണമാണ്. സാമ്പത്തിക പ്രതിസന്ധിയും ബാഴ്‌സലോണ ടീമിന്റെ മോശം ഫോമിന് ഒരു പരിധി വരെ കാരണമാണ്.

ലയണൽ മെസിയുടെ അഭാവം പരിഹരിക്കാനുള്ള നീക്കങ്ങൾക്ക് ബാഴ്‌സലോണ തയ്യാറെടുത്തു തുടങ്ങുകയാണിപ്പോൾ. മെസിയുടെ രാജ്യമായ അർജന്റീനയിൽ നിന്നും മറ്റൊരു താരത്തെ സ്വന്തമാക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്റീനിയൻ ക്ലബായ ഫെറോ കാരിൽ ഓയെസ്റ്റയുടെ താരമായ ലൂക്കാസ് റോമനെയാണ് ബാഴ്‌സലോണ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്.

പതിനെട്ടുകാരനായ താരത്തിനെ കുറിച്ച് മികച്ച സ്‌കോട്ടിങ് റിപ്പോർട്ടുകളാണ് ബാഴ്‌സലോണ സ്പോർട്ടിങ് വിഭാഗത്തിന് ലഭിച്ചിരിക്കുന്നത്. സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണയും അർജന്റീനിയൻ ക്ലബും തമ്മിൽ താരത്തിന്റെ ട്രാൻസ്‌ഫറിനായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വിന്ററിൽ താരത്തെ ലോണിൽ ടീമിലെത്തിച്ച് ബാഴ്‌സലോണ ബി ടീമിൽ കളിപ്പിച്ച് പിന്നീട് സ്ഥിരം കരാറിൽ സ്വന്തമാക്കാനാണ് ക്ലബ് ഒരുങ്ങുന്നത്.

കളിക്കളത്തിൽ ലയണൽ മെസിയെ ഓർമിപ്പിക്കുന്ന താരമാണ് ലൂക്കാസ് റോമൻ. താരത്തിന്റെ ഡ്രിബിൾ ചെയ്‌തുള്ള മുന്നേറ്റങ്ങളും എതിർടീമിനെ കീറി മുറിക്കുന്ന കില്ലർ പാസുകളും എല്ലാം മെസിക്ക് തുല്യമാണെന്ന് നിസംശയം പറയാം. ആക്രമണ നിരയിലും അറ്റാക്കിങ് മിഡ്‌ഫീൽഡിലും കളിക്കാൻ കഴിയുന്ന താരത്തിന്റെ പൊസിഷൻ വിങ്ങിലാണ്. ലയണൽ മെസിയെപ്പോലെ തന്നെറൈറ്റ് വിങ്ങിൽ കളിക്കുന്ന താരം ഇടംകാലനുമാണ്.

അർജന്റീനിയൻ ഫുട്ബോളിലെ മാണിക്യമായാണ് ലൂക്കാസ് റോമനെ എല്ലാവരും കരുതുന്നത്. താരത്തിനായി അർജന്റീനിയൻ ലീഗിലെ ക്ളബുകളായ ബൊക്ക ജൂനിയേഴ്‌സ്, റിവർപ്ലേറ്റ് എന്നിവർ രംഗത്തുണ്ട്. സൗത്ത് അമേരിക്കൻ അണ്ടർ 20 ടൂർണമെന്റ് നടക്കാനിരിക്കെ മികച്ച പ്രകടനം നടത്തിയാൽ താരത്തിന് യൂറോപ്പിലേക്ക് പെട്ടന്നു വിളി വരാനുള്ള സാധ്യതയുണ്ട്.