ലെവൻഡോസ്‌കി ബാഴ്‌സലോണ താരമായതിനു കാരണം റയൽ മാഡ്രിഡ്

നിരവധി വർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി അറിയപ്പെടുന്ന ലെവൻഡോസ്‌കി ബാഴ്‌സലോണയിലേക്ക് ചേക്കേറിയതിനു ശേഷവും തന്റെ ഫോം തുടരുകയാണ്. സീസണിലിതു വരെ പതിമൂന്നു ലീഗ് ഗോളുകൾ നേടിയ താരം ബാഴ്‌സലോണ സ്‌പാനിഷ്‌ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. താരത്തെ കേന്ദ്രീകരിച്ചാണ് ബാഴ്‌സലോണയുടെ എല്ലാ പദ്ധതികളും മുന്നോട്ടു പോകുന്നത്.

മുപ്പത്തിനാല് വയസുള്ള താരത്തെ 45 മില്യൺ നൽകി സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ തീരുമാനത്തെ പലരും ആ സമയത്ത് വിമർശിച്ചിരുന്നു. എന്നാൽ എല്ലാം തികഞ്ഞൊരു പ്രൊഫെഷനലാണ് താനെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന ലെവൻഡോസ്‌കി ഇനിയും ഏതാനും വർഷങ്ങൾ കൂടി ഈ ഫോമിൽ തുടരാൻ കഴിയുമെന്ന് തെളിയിക്കുന്നുണ്ട്. യുവതാരങ്ങൾ നിറഞ്ഞ ടീമിനെ കൃത്യമായി നയിക്കാനും പരിചയസമ്പന്നനായ പോളിഷ് സ്‌ട്രൈക്കർക്ക് കഴിയുന്നു.

എന്നാൽ ബാഴ്‌സലോണയിലേക്ക് എത്തുന്നതിനു മുൻപ് ലെവൻഡോസ്‌കി റയൽ മാഡ്രിഡിൽ കളിക്കേണ്ട താരമായിരുന്നുവെന്നാണ് റെലെവോ ഇപ്പോൾ വെളിപ്പെടുത്തുന്നത്. 2021ൽ ബയേൺ മ്യൂണിക്ക് വിടാനൊരുങ്ങിയ ലെവൻഡോസ്‌കി മറ്റൊരു ക്ലബ്ബിനെ കണ്ടെത്താൻ ഏജന്റിനോട് മറ്റൊരു ക്ലബ്ബിനെ കണ്ടെത്താൻ ആവശ്യം ഉന്നയിച്ചിരുന്നു. റയൽ മാഡ്രിഡായിരുന്നു ആ സമയത്തെ താരത്തിന്റെ ഫസ്റ്റ് ചോയ്‌സ് എങ്കിലും ആ ട്രാൻസ്‌ഫർ യാതൊരു തരത്തിലും മുന്നോട്ടു പോയില്ല.

രണ്ടു കാരണങ്ങൾ കൊണ്ടാണ് ലെവൻഡോസ്‌കിയെ സ്വന്തമാക്കേണ്ടെന്ന് റയൽ മാഡ്രിഡ് കരുതിയത്. ആ സമയത്ത് ഇതിനേക്കാൾ ഉയർന്ന തുകയാണ് ബയേൺ താരത്തിനായി ആവശ്യപ്പെട്ടിരുന്നത്. ഇത്രയും പ്രായമുള്ള താരത്തിന് ഇത്രയും തുക മുടക്കാൻ റയൽ മാഡ്രിഡിന് താൽപര്യമുണ്ടായിരുന്നില്ല. ഇതിനു പുറമെ മികച്ച ഫോമിൽ കളിച്ചിരുന്ന കരിം ബെൻസിമയിൽ പെരസ് വിശ്വാസമർപ്പിച്ചു. കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും നേടിക്കൊടുക്കാൻ താരത്തിന് കഴിയുകയും ചെയ്‌തു.

ഇന്ന് നടക്കാനിരിക്കുന്ന സ്‌പാനിഷ്‌ സൂപ്പർകപ്പ് ഫൈനലിൽ റയൽ മാഡ്രിഡിനെതിരെ ഇറങ്ങാനിരിക്കയാണ് റോബർട്ട് ലെവൻഡോസ്‌കി. ബാഴ്‌സലോണയിൽ എത്തിയതിനു ശേഷം ആദ്യത്തെ കിരീടം നേടാൻ ലെവൻഡോസ്‌കിക്കുള്ള അവസരമാണ് ഈ മത്സരം. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഇനിയില്ലെന്നതിനാൽ തന്നെ സാധ്യമായ മറ്റു കിരീടങ്ങളെല്ലാം നേടിയെടുക്കാനാവും ബാഴ്‌സയും ലെവയും ശ്രമിക്കുക.