ലോകകപ്പിനു മുൻപ് മിന്നിത്തിളങ്ങിയ സഖ്യം ലോകകപ്പിനു ശേഷം ആദ്യമായി ഒരുമിച്ചിറങ്ങുമ്പോൾ

ഈ സീസണിൽ യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ മുന്നേറ്റനിര സഖ്യമായിരുന്നു ലയണൽ മെസി, നെയ്‌മർ, എംബാപ്പെ തുടങ്ങിയവർ. എന്നാൽ ആ സമയത്തും ഈ താരങ്ങൾക്കിടയിൽ, പ്രത്യേകിച്ച് എംബാപ്പെക്ക് നെയ്‌മർ, മെസി തുടങ്ങിയ താരങ്ങളോട് ചെറിയ അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ അതൊന്നും കളിക്കളത്തിലെ ഈ താരങ്ങളുടെ പ്രകടനത്തെ ബാധിച്ചില്ല.

ലോകകപ്പിനു ശേഷം ഈ മൂന്നു താരങ്ങളും ഇതുവരെ ഒരുമിച്ച് കളിക്കളത്തിൽ ഇറങ്ങിയിട്ടില്ല. എന്നാൽ റെന്നെസിനെതിരെ നടക്കാൻ പോകുന്ന മത്സരത്തിൽ ഇവർ മൂന്നു പേരും കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ്. അമേരിക്കയിലേക്ക് പോയിരുന്ന എംബാപ്പെ, ഹക്കിമി എന്നിവർ തിരിച്ചെത്തിയെന്നും ടീമിനൊപ്പം ചേർന്നുവെന്നും ഗാൾട്ടിയാർ വ്യക്തമാക്കിയിരുന്നു. പിഎസ്‌ജി സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ഈ മൂന്നു താരങ്ങളും ഇടം നേടുകയും ചെയ്‌തിട്ടുണ്ട്‌.

ലോകകപ്പിൽ നിന്നും നെയ്‌മറുടെ ബ്രസീൽ നേരത്തെ പുറത്തു പോയപ്പോൾ എംബാപ്പയും മെസിയും ഫൈനലിൽ നേർക്കുനേർ വന്നിരുന്നു. രണ്ടു താരങ്ങളും ഹീറോയാകുന്ന പ്രകടനം ഫൈനലിൽ നടത്തിയെങ്കിലും മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന കിരീടം നേടി. അതിനു ശേഷം അർജന്റീന താരമായ എമിലിയാനോ മാർട്ടിനസ് എംബാപ്പയെ അധിക്ഷേപിച്ചതിനാൽ താരത്തിന് അസ്വാരസ്യം ഉണ്ടാകാനിടയുണ്ടെന്ന് ഏവരും കരുതിയിരുന്നു.

എന്നാൽ മെസി, നെയ്‌മർ എംബാപ്പെ എന്നീ താരങ്ങൾക്കിടയിൽ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നാണ് പിഎസ്‌ജി പരിശീലകൻ പറയുന്നത്. നെയ്‌മർ, ലയണൽ മെസി എന്നിവർ എംബാപ്പയെ നല്ല രീതിയിലാണ് സ്വീകരിച്ചതിനും ലോകകപ്പിനു മുൻപ് അവർ തമ്മിലുണ്ടായിരുന്ന ഒത്തിണക്കം വീണ്ടെടുക്കേണ്ടത് തന്റെയും മറ്റു കോച്ചിങ് സ്റ്റാഫുകളുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

റെന്നെസിനെതിരെ ഒത്തിണക്കം വീണ്ടെടുക്കാനും വിജയം നേടാനുമാകും ഈ താരങ്ങൾ ശ്രമിക്കുക ഇതിനു ശേഷം പിഎസ്‌ജി നേരിടേണ്ടത് സൗഹൃദ മത്സരത്തിൽ റൊണാൾഡോ അടക്കമുള്ള താരങ്ങൾ അണിനിരക്കുന്ന സൗദി ബെസ്റ്റ് ഇലവനെയാണ്. അതും ഈ സഖ്യത്തിന് പഴയ ഫോം തിരിച്ചെടുക്കാനുള്ള അവസരമാണ്. ഇതുവരെയും പിഎസ്‌ജിക്ക് നേടാൻ കഴിയാതിരുന്ന ചാമ്പ്യൻസ് ലീഗ് നേടാൻ ഈ താരങ്ങളുടെ ഫോം പിഎസ്‌ജിയെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.