അന്ന് ഏജന്റ് വഴി മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകിയ വാക്കു പാലിച്ച് കസമീറോ

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ ഏറ്റവും മികച്ച സൈനിങ്‌ ആരുടേതാണെന്നു ചോദിച്ചാൽ ആരാധകർ നിസംശയം പറയുക കസമീറോയുടെ പേരായിരിക്കും. ക്ലബിലെത്തിയതിനു ശേഷം ആദ്യമൊക്കെ ഒന്നു പതറിയെങ്കിലും പിന്നീട് മികച്ച പ്രകടനം നടത്താൻ തുടങ്ങിയ താരം ഇപ്പോൾ ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സംഭാവന നൽകി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എഞ്ചിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവിന് തുടക്കമിട്ട ആദ്യത്തെ ഗോളിനുള്ള പാസ് നൽകിയത് കസമീറോ ആയിരുന്നു. ഇതോടെ അവസാനം കളിച്ച അഞ്ചു മത്സരങ്ങളിൽ നാല് ഗോളുകളിൽ താരം നേരിട്ട് പങ്കെടുത്തു കഴിഞ്ഞു. അവസാനത്തെ അഞ്ചു മത്സരങ്ങളിൽ ഒരു ഗോൾ നേടിയ താരം മൂന്നു ഗോളിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ഈ മത്സരങ്ങളിലെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടുകയും ചെയ്‌തു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിന്റെ തുടക്കത്തിൽ ബ്രെന്റഫോഡിനോട് വമ്പൻ തോൽവി വഴങ്ങിയ സമയത്ത് കസമീറോ ട്രാൻസ്‌ഫർ അവസാന ഘട്ടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഈ മത്സരം കണ്ട കസമീറോ തന്റെ ഏജന്റിന് അയച്ച സന്ദേശത്തിൽ പറഞ്ഞത് ഈ ടീമിനെ താൻ ശരിയാക്കുമെന്ന് പറഞ്ഞേക്കൂ എന്നാണ്. ഇപ്പോൾ തന്റെ വാക്കുകൾ അതുപോലെ പാലിച്ച് ടീമിന്റെ പ്രധാന താരമായി മാറാനും വിജയങ്ങൾ നേടാൻ സഹായിക്കാനും താരത്തിന് കഴിയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്‌ഫറിന്റെ ആറാഴ്‌ച മുൻപ് തന്നെ ടീമിലേക്ക് വരാൻ ബ്രസീലിയൻ താരം തീരുമാനം എടുത്തിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം ആദ്യത്തെ കുറച്ച് മത്സരങ്ങളിൽ താരം പതറിയെങ്കിലും പിന്നീട് താളം വീണ്ടെടുക്കുകയായിരുന്നു. കാസമേറോയുടെ സാന്നിധ്യം തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധം ശക്തമാകാൻ കാരണം. അതിനൊപ്പം ആക്രമണത്തെയും താരം സഹായിക്കുന്നു.

റയൽ മാഡ്രിഡിൽ മിന്നിത്തിളങ്ങുന്ന സമയത്താണ് കസമീറോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. പണത്തിനു വേണ്ടി മാത്രമാണ് ക്ലബ്ബിലേക്ക് ചേക്കേറിയതെന്ന ആരോപണങ്ങളെ ഇല്ലാതാക്കി ടീമിന്റെ പ്രൊജക്റ്റിലെ അവിഭാജ്യഘടകമാണ് താനെന്ന് തെളിയിച്ച താരം ഇനി പ്രീമിയർ ലീഗിൽ നേട്ടങ്ങൾ കൊയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഏതാനും സൈനിംഗുകൾ കൂടി നടത്തിയാൽ യൂറോപ്പിലെ ഏറ്റവും മികച്ച ടീമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാറുമെന്ന കാര്യത്തിൽ സംശയമില്ല.