വ്യക്തികളായിരുന്ന ഞങ്ങൾ ഇപ്പോൾ ടീമായി മാറി, ബ്രൂണോ പറഞ്ഞത് റൊണാൾഡൊക്കെതിരെയോ

മാഞ്ചസ്റ്റർ ഡെർബിയിലെ വിജയത്തിനു ശേഷം ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. മത്സരത്തിൽ വിജയം നേടിയതോടെ ലോകകപ്പിനു ശേഷമുള്ള എല്ലാ കളിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് യോഗ്യതയുടെ താഴെയായിരുന്ന ടീമിപ്പോൾ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ആഴ്‌സനലിന്റെ ചുവടു പതറിയാൽ കിരീടത്തിനായി പൊരുതാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിയുകയും ചെയ്യും.

മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻപ് വ്യക്തികളായിരുന്നുവെങ്കിൽ ഇപ്പോഴൊരു ടീമായി മാറിയിട്ടുണ്ടെന്ന് ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ച് പൊരുതുന്ന ടീമായി മാറിയെന്ന ബ്രൂണോയുടെ വാക്കുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉദ്ദേശിച്ചാണെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. റൊണാൾഡോ ടീം വിട്ടതിനു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയക്കുതിപ്പ് ആരംഭിച്ചതെന്നതാണ് ഇതിനു കാരണം.

അതേസമയം താൻ റൊണാൾഡോയെ ഉദ്ദേശിച്ചാണ് ആ വാക്കുകൾ പ്രയോഗിച്ചതെന്ന ആരോപണങ്ങളോട് ബ്രൂണോ ഫെർണാണ്ടസ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് നന്നായി കളിക്കുന്നത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നു പറഞ്ഞ താരം ടീമിനെക്കുറിച്ച് തനിക്ക് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലായിരുന്നു താരത്തിന്റെ പ്രതികരണം.

റൊണാൾഡൊക്കെതിരെ ആക്രമണം നടത്താൻ തന്റെ പേര് ഉപയോഗിക്കരുതെന്നും താരം ഈ സീസണിന്റെ പകുതി വരെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്നും ബ്രൂണോ കൂട്ടിച്ചേർത്തു. ലിവർപൂൾ ഒരു ടീമായി കളിക്കാൻ തുടങ്ങിയതിനു ശേഷമാണ് ഇത്രയും മികച്ചതായി മാറിയതെന്ന് താൻ പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ടെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുപോലെ തന്നെ ഇനിയും മുന്നോട്ടു പോകുമെന്നും ബ്രൂണോ പറഞ്ഞു.

റൊണാൾഡോ പോയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതിൽ സംശയമില്ല. അവസരങ്ങൾ കുറയുന്നതിനാൽ റൊണാൾഡോ നടത്തുന്ന പ്രതികരണങ്ങൾ പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇത് ടീമിലെ താരങ്ങളെ ബാധിച്ചിട്ടുണ്ടാകും എന്നുറപ്പാണ്. അതേസമയം റൊണാൾഡോ പോയതിനു ശേഷം ഏത് ടീമിനെയും തോൽപ്പിക്കാമെന്ന ആത്മവിശ്വാസം മാഞ്ചസ്റ്റർ യുണൈറ്റഡിന് വന്നിട്ടുണ്ട്.