ബ്രൂണോ ഫെർണാണ്ടസ് ഗോളിൽ വിവാദം പുകയുന്നു, റഫറിയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ ആദ്യത്തെ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നു. മത്സരത്തിന്റെ അറുപതാം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തിയതിനു ശേഷം എഴുപത്തിയെട്ടാം മിനുട്ടിലാണ് ബ്രൂണോ ഫെർണാണ്ടസിന്റെ ഗോൾ പിറന്നത്. നാല് മിനുട്ട് മാത്രം പിന്നിട്ടപ്പോൾ റാഷ്‌ഫോഡ് കൂടി വല കുലുക്കിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കി.

കസമീറോ നൽകിയ ത്രൂ പാസ് എടുക്കാൻ റാഷ്‌ഫോഡും ബ്രൂണോയും രണ്ടു വശത്തു നിന്നും വന്നു. താൻ ഓഫ്‌സൈഡ് ആണെന്ന സംശയം മൂലം പന്തിനായി ഓടുന്നതിന്റെ ഇടയിൽ ബ്രൂണോ ഫെർണാണ്ടസിന് വേണ്ടി മാറിക്കൊടുക്കുകയാണ് റാഷ്‌ഫോഡ് ചെയ്‌തത്‌. താരം വലകുലുക്കിയത് റഫറി ആദ്യം ഓഫ്‌സൈഡ് വിളിച്ചെങ്കിലും പിന്നീട് വീഡിയോ പരിശോധനയിൽ റാഷ്‌ഫോഡ് പന്ത് തൊട്ടിട്ടില്ലെന്നു കണ്ടതിനെ തുടർന്ന് അനുവദിക്കുകയായിരുന്നു.

മത്സരത്തിന് ശേഷം പെപ് ഗ്വാർഡിയോള ഗോൾ അനുവദിച്ചതിനെ ചോദ്യം ചെയ്‌തിരുന്നു. ഇതുപോലൊരു അവസരത്തിൽ ഗോൾ അനുവദിക്കാൻ കഴിയില്ലെന്നാണ് പെപ് പറഞ്ഞത്. റാഷ്‌ഫോർഡിനു വേണ്ടി ഓഫ്‌സൈഡ് ലൈൻ മാഞ്ചസ്റ്റർ സിറ്റി ഡിഫൻസ് ഉണ്ടാക്കിയിരുന്നുവെന്നും എന്നാൽ ബ്രൂണോയാണ് മുന്നോട്ടു വരുന്നതെന്ന തോന്നിയെങ്കിൽ അതിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നും പെപ് പറഞ്ഞു. റാഷ്‌ഫോഡിന്റെ നീക്കം ആക്ഷൻ തന്നെയായിരുന്നുവെന്നും പെപ് പറയുന്നു.

സ്റ്റേഡിയം നൽകിയ സമ്മർദ്ദമാണ് റഫറിയുടെ തീരുമാനത്തിന് പിന്നിലെന്നും കളി നടന്നത് ഓൾഡ് ട്രാഫോഡിലാണെന്നും പെപ് പറഞ്ഞു. ഇതിൽ പരാതി നൽകിയിട്ട് കാര്യമൊന്നുമില്ലെന്നും അടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ ശ്രമിക്കുമെന്നും പെപ് കൂട്ടിച്ചേർത്തു. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയതോടെ മാഞ്ചസ്റ്റർ സിറ്റിയും യുണൈറ്റഡും തമ്മിൽ വെറും ഒരു പോയിന്റ് വ്യത്യാസം മാത്രമേയുള്ളൂ.

ചെൽസി ഇതിഹാസമായ പീറ്റർ ചെക്കും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ അനുവദിച്ചതിനെ ചോദ്യം ചെയ്‌തിരുന്നു. മാഞ്ചാസ്റ്റർ യുണൈറ്റഡിന്റെ ആദ്യത്തെ ഗോൾ അനുവദിച്ചതിലൂടെ നിയമം ഉണ്ടാക്കുന്നവർക്ക് ഈ കളിയെക്കുറിച്ച് ഒന്നും അറിയില്ലെന്നു തെളിഞ്ഞുവെന്നാണ് ചെക്ക് പറഞ്ഞത്. റാഷ്‌ഫോഡ് ഓഫ്‌സൈസ് പൊസിഷനിൽ നിന്നും വന്ന് മാഞ്ചസ്റ്റർ സിറ്റി പ്രതിരോധത്തെ ആശയക്കുഴപ്പത്തിൽ ആക്കിയത് കളിയിൽ ഇടപെടുന്നതിന് തുല്യമാണെന്ന വാദമാണ് അവർ ഉയർത്തുന്നത്.